വാഗമണ്ണില്‍ മണ്‍സൂണ്‍ ട്രെക്കിങ്ങുമായി അനാര്‍ക്കലി മരക്കാര്‍
Mail This Article
സ്വര്‍ണവെയില്‍ കിരീടം ചാര്‍ത്തുന്ന തേയിലത്തോട്ടങ്ങളും പച്ചവിരിച്ച കുന്നുകളും പുൽത്തകിടികള്‍ നിറഞ്ഞ താഴ്വരകളും നോക്കെത്താദൂരത്തെ പൈൻ മരക്കാടുകളുമെല്ലാം നിറഞ്ഞ വാഗമണ്‍ മണ്‍സൂണ്‍ സഞ്ചാരികളുടെ സ്വര്‍ഗമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോടമഞ്ഞു മൂടിയ മലനിരകളുമുള്ള വഴിയിലൂടെ, വാഗമണ്ണിലേക്കുള്ള യാത്ര തന്നെ മനോഹരമായ അനുഭവമാണ്. കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല.
മഞ്ഞ നിറമുള്ള റെയിന്‍കോട്ടിട്ട്, വാഗമണ്ണിലെ മഞ്ഞും മഴയും പച്ചപ്പും വിരുന്നൊരുക്കുന്ന കുന്നുകളിലൂടെ ട്രെക്കിങ് ചെയ്യുന്ന മനോഹര അനുഭവം പങ്കുവയ്ക്കുകയാണ് നടി അനാര്‍ക്കലി മരക്കാര്‍. വാഗമണ്ണിലെ തേയിലത്തോട്ടങ്ങളിലൂടെ നടക്കുന്നതും വ്യൂപോയിന്‍റിലെ കാഴ്ചകളുമെല്ലാം അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലുണ്ട്.
വാഗമണ്ണിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കു പ്രിയപ്പെട്ട വില്‍മൗണ്ട് റിസോര്‍ട്ടില്‍ നിന്നുള്ള കാഴ്ചകളും അനാര്‍ക്കലി ഷെയര്‍ ചെയ്ത കൂട്ടത്തിലുണ്ട്. വാഗമണ്ണിൽ നിന്ന് കുട്ടിക്കാനത്തേക്കു പോകുന്ന വഴിയിലാണ് ഏലപ്പാറ ടൗണ്‍. ഏകദേശം മൂന്നു കിലോമീറ്റർ അകത്തേക്കാണ് പ്രീമിയം ഡോം സ്റ്റേ വിൽമൗണ്ട് സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലെ അതേ അനുഭവം നല്‍കുന്ന, 14 ഏക്കറോളമുള്ള ഏലക്കാട്ടിലാണ് വെള്ള നിറത്തിലുള്ള കുമിളകള്‍ പോലെയുള്ള ഡോം സ്റ്റേകള്‍ ഉള്ളത്.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സൈക്കിൾ സവാരി നടത്താനും സൂര്യോദയവും അസ്തമയവും ആസ്വദിക്കാനും അടുത്തുള്ള കുരിശുമലയിലേക്ക് സൗജന്യ ഗൈഡഡ് ട്രെക്കിങ് നടത്താനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. എല്ലാ താമസക്കാർക്കും രാത്രി ക്യാംപ് ഫയറിലും പങ്കെടുക്കാം.
ലോകത്തിലെ ഏറ്റവും മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ ഇടമാണ് വാഗമണ്‍. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ, വര്‍ഷംമുഴുവനും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. എല്ലാ സീസണിലും തണുത്തതും സുന്ദരവുമായ കാലാവസ്ഥയാണെങ്കിലും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്തിന് ശേഷമോ അല്ലെങ്കിൽ മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്തിനു മുൻപാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
മഴക്കാലം കഴിഞ്ഞുള്ള സമയം വാഗമണ്‍ അങ്ങേയറ്റം സുന്ദരമാകുന്നു. പുല്‍മേടുകളില്‍ പച്ചപ്പ് കൂടുകയും മരങ്ങള്‍ കൂടുതല്‍ പച്ചിലച്ചാര്‍ത്തണിയുകയും അന്തരീക്ഷം നേര്‍ത്ത മൂടല്‍മഞ്ഞിന്‍റെ പാടയില്‍ മുങ്ങി സുന്ദരമാവുകയും ചെയ്യും. കൂടാതെ, ഈ സീസണിൽ വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ സസ്യജാലങ്ങളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കും. പുൽമേടുകളിലൂടെയുള്ള ഫാമിലി പിക്നിക് വാഗമണ്ണിലെ ഏറ്റവും പ്രശസ്തമായ വിനോദങ്ങളിലൊന്നാണ്.
സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് വാഗമൺ. പാരാഗ്ലൈഡിങ്, ഹൈക്കിങ്, ട്രെക്കിങ്, ആന സവാരി തുടങ്ങി ഒട്ടേറെ വിനോദങ്ങള്‍ ഇവിടെയുണ്ട്. കയാക്കിങ്, കനോയിങ്, ബോട്ടിങ് എന്നിവയ്ക്കും വാഗമൺ പ്രശസ്തമാണ്.
തങ്ങൾ പാറ, മുരുകൻ കുന്ന്, കുരിശുമല, വാഗമൺ പൈൻ ഫോറസ്റ്റ്, പട്ടുമല പള്ളി, വാഗമൺ തടാകം, മുണ്ടക്കയം ഘട്ട്, വാഗമൺ വെള്ളച്ചാട്ടം, മാർമല വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകള്‍.
കൊച്ചിയില്‍ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 40 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.