പ്രകൃതി കനിഞ്ഞൊഴുകുന്ന അരീക്കൽ വെള്ളച്ചാട്ടം, വിഡിയോ
Mail This Article
മനസ്സും ശരീരവും കുളിർപ്പിച്ച് ഒന്നു മുങ്ങിക്കുളിക്കാം. പ്രായമായവർക്കും കുട്ടികൾക്കും പേടിയില്ലാതെ ഇറങ്ങാം. ഇതാണ് അരീക്കൽ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഒട്ടും വഴുക്കലില്ലാത്ത പാറയായതുകൊണ്ട് തന്നെ മറ്റു വെള്ളച്ചാട്ടങ്ങൾക്കില്ലാത്ത സുരക്ഷിതത്വം ഇവിടെ ഉണ്ട്, അതുകൊണ്ട് ഭയമില്ലാതെ ആർക്കും ഇറങ്ങാം.
പിറവം പാമ്പാക്കുട റൂട്ടിലാണ് പ്രകൃതി കനിഞ്ഞൊഴുകുന്ന അരീക്കൽ വെള്ളച്ചാട്ടം. ഏകദേശം 120 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ സമീപ ജില്ലകളിൽ നിന്നും പോലും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് അരീക്കൽ വെള്ളച്ചാട്ടം.
20 രൂപയുടെ ടിക്കറ്റ് എടുത്താൽ പ്രകൃതിയുടെ നനവറിഞ്ഞ് നീന്തി കുളിച്ച് 'കയറ്റം കയറി' പോരാം. ഏകദേശം നാനൂറിനടത്ത് പടികൾ ഇറങ്ങി വേണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. 120 അടി ഉയരത്തിൽ നിന്നും മൂന്നു തട്ടുകളായാണ് വെള്ളം താഴേയ്ക്ക് പതിക്കുന്നത്. കുളിക്കാനും നീന്താനുമൊക്കെ സൗകര്യം ഉണ്ട്.
വസ്ത്രം നനഞ്ഞാൽ മാറാനും സൗകര്യം ഉണ്ട്. ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. മഴയുള്ളപ്പോൾ വെള്ളച്ചാട്ടത്തിന് ഭംഗി കൂടും. വേനൽക്കാലത്ത് വെള്ളം കുറവായിരിക്കും. തിരിച്ചു പോരുമ്പോൾ കയറ്റം പ്രായമായവർക്ക് ഇത്തിരി ബുദ്ധിമുട്ടാകാം. മഴയുള്ളപ്പോൾ സജീവമാകുന്നതാണ് അരീക്കൽ വെള്ളച്ചാട്ടം. വേനലിൽ വരണ്ട നിലയിലാകുന്ന വെള്ളച്ചാട്ടം മഴയെത്തുന്നതോടെ കാഴ്ചയ്ക്ക് അസ്വാദ്യകരമാകും.