ഇവിടെയുണ്ട് 260 വർഷം പഴക്കമുള്ള നസ്രാണി തറവാട് ; സഞ്ചാരികൾക്കു താമസിക്കാം ഈ ഹോംസ്റ്റേയിൽ
Mail This Article
നസ്രാണി സംസ്‌കാരത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള കൊട്ടുകപ്പള്ളി തറവാട്. 260 വർഷം പഴക്കമുള്ള ഈ വീട് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള ഹോംസ്‌റ്റേയാണ്. പരമ്പരാഗത വാസ്തുവിദ്യയുടെ കരവിരുത് വഴിഞ്ഞൊഴുകുന്ന ഈ കെട്ടിടത്തില്‍ പണ്ടുകാലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഓൺസൈറ്റ് മ്യൂസിയവും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, രുചികരമായ നസ്രാണി ക്രിസ്ത്യൻ ഭക്ഷണവും ആസ്വദിച്ച് വയറും മനസ്സും നിറയ്ക്കാം.
എഡി 52 മുതല്‍ക്കുള്ള ചരിത്രമുള്ള കുടുംബമാണ് കൊട്ടുകപ്പള്ളി. പതിനെട്ടാം നൂറ്റാണ്ടില്‍, കുരുമുളക് കച്ചവടം നടത്താന്‍ ഭരണാധികാരികളുടെ ക്ഷണപ്രകാരം കുടുംബം പാലായിലെത്തി. അതിനുശേഷം, പാലായില്‍ വേരുകളുറപ്പിച്ച് കുടുംബം പടര്‍ന്നു പന്തലിച്ചു. 2023 ഡിസംബറിൽ 'നസ്രാണി തറവാട്' എന്ന പേരിൽ ഒരു ഹെറിറ്റേജ് ഹോംസ്റ്റേ ആയി പ്രവർത്തനം ആരംഭിച്ചു.
പാലാ പട്ടണത്തിൽ നസ്രാണി തറവാട് കണ്ടെത്തുന്നതിന് ഭൂപടങ്ങളൊന്നും ആവശ്യമില്ല. ആരോട് ചോദിച്ചാലും വഴി കാണിച്ചുതരും. ഗേറ്റില്ലാത്ത വിശാലമായ രണ്ടേക്കർ കോമ്പൗണ്ടിലേക്ക് കടക്കുമ്പോള്‍, ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ഈന്തപ്പനകൾ തലയാട്ടി സ്വാഗതം ചെയ്യും. നസ്രാണി സമൂഹത്തിന്റെ വാസ്തുവിദ്യാ പരിണാമത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് പതിയെ നടന്നുകയറാം.
കമാനങ്ങളും വളഞ്ഞ ജനാലകളുമുള്ള, 60 വർഷം പഴക്കമുള്ള ബംഗ്ലാവാണ് ആദ്യം തന്നെ കാണുക. ആറു മുറികള്‍ ഉള്ള ഈ മാളിക 'സ്പാനിഷ് മാൻഷൻ' എന്നാണ് അറിയപ്പെടുന്നത്, ഇപ്പോൾ തറവാട് നോക്കിനടത്തുന്ന ജോൺ തോമസ് കൊട്ടുകാപ്പള്ളിയുടെയും ത്രേസി ജോൺ കൊട്ടുകാപ്പള്ളിയുടെയും വസതിയാണിത്. മൂവാറ്റുപുഴയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്ന, ജോണിന്റെ പിതാവ് ജോർജ് തോമസ് പണികഴിപ്പിച്ചതാണ് ഈ കെട്ടിടം.
സ്പാനിഷ് മാൻഷനു കുറുകെ കുടുംബത്തിന്റെ പൂർവിക ഭവനം നിലകൊള്ളുന്നു. 1736 ല്‍ പാലാ ടൗണില്‍ നിർമിച്ച വീട്, പിന്നീട് 2011 ല്‍ ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുകയായിരുന്നു. കുടുംബം വികസിക്കുകയും മാറുകയും ചെയ്തതിനനുസരിച്ച്, കാലങ്ങളുടെ സ്വാധീനം ഏറ്റെടുത്തുകൊണ്ട് വീടും മാറിയിട്ടുണ്ട്. പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെയും കൊളോണിയൽ സ്വാധീനങ്ങളുടെയും കൂടിച്ചേരലാണ് ഇവിടെ കാണാന്‍ കഴിയുക. എൽ ആകൃതിയിലുള്ള, മൂന്ന് കിടപ്പുമുറികളുള്ള ഈ തറവാട്ട് വീട് ഇപ്പോൾ എട്ട് പേർക്ക് താമസിക്കാവുന്ന ഒരു ഹോംസ്റ്റേയാണ്.
പുരാതനമായ തടി ഫര്‍ണിച്ചറുകളും പിച്ചള പാത്രങ്ങളും കൂടാതെ, 1800 കളിലെ സാഹിത്യകൃതികളും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 1930 കളിലെ പതിപ്പും ഉൾപ്പെടെ പഴയ പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ കാണാം. എന്നാൽ എയർ കണ്ടീഷനിങ്, സ്റ്റഡി ടേബിളുകൾ, വാർഡ്രോബ്, ബെഡ്സൈഡ് ലാംമ്പുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് മുറികൾ വരുന്നത്.
പ്രഭാതഭക്ഷണം വിളമ്പുന്ന ഡൈനിങ് ഏരിയയില്‍ ടിവിയും ഒരു അടുക്കളയുമുണ്ട്. ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, ബ്രഡ്, ബട്ടര്‍ മുതലായവയ്ക്കൊപ്പം, അതിഥികളുടെ താല്‍പ്പര്യമനുസരിച്ച് പൂപോലെയുള്ള കോട്ടയം സ്‌റ്റൈൽ അപ്പവും ഇടിയപ്പവും ചെറുപയര്‍ കറിയും മുട്ട റോസ്റ്റും പുട്ടുമെല്ലാം വിളമ്പുന്നു. വേണ്ടവര്‍ക്ക് താറാവ് റോസ്റ്റും വാഴയിലയിൽ പൊതിഞ്ഞ മീനും പോലെയുള്ള നസ്രാണി വിഭവങ്ങൾ തയാറാക്കുന്നത് എങ്ങനെയെന്ന് ആതിഥേയയില്‍ നിന്നും പഠിക്കാം. ഉച്ചഭക്ഷണം, അത്താഴം എന്നിവ ഇവിടെ നല്‍കുന്നില്ല.
എൽ ആകൃതിയിലുള്ള ഘടനയുടെ ഏറ്റവും അറ്റത്താണ് വീടിന്റെ ഏറ്റവും പഴയ ഭാഗം , 1800 കളുടെ തുടക്കത്തിൽ നിർമ്മിച്ച ഒരു കളപ്പുര ഇവിടെ കാണാം. പണ്ടുകാലത്ത് വീടുകളിൽ കുരുമുളകും ധാന്യങ്ങളും സൂക്ഷിക്കാൻ കളപ്പുരകൾ നിര്‍മ്മിക്കുന്നത് സാധാരണമായിരുന്നു.
സ്‌പാനിഷ് മാളികയ്‌ക്ക് അരികിലുള്ള ഭാഗത്താണ് തെക്കിനി. ഇത് 1730 കളിൽ അവരുടെ പൂർവികർ കുരുമുളക് കച്ചവടക്കാരായി പാലായിൽ എത്തിയപ്പോൾ പണിതതാണെന്ന് കരുതപ്പെടുന്നു. കുരുമുളക് വ്യാപാരികൾ എന്ന നിലയിൽ കുടുംബത്തിന്‍റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഇടമാണിത്. വീട് ഇങ്ങോട്ട് മാറ്റിസ്ഥാപിച്ചപ്പോള്‍ കേടുപാടുകള്‍ ഒന്നും കൂടാതെ സംരക്ഷിക്കപ്പെട്ട ഭാഗം കൂടിയാണ് തെക്കിനി.
രണ്ട് മുറികളും അടുക്കളയും സഹിതം, തെക്കിനിയിൽ നിരക്കിനീക്കാവുന്ന വാതിലുകളുള്ള ഒരു 'വ്യാപാര മുറി' ഉണ്ട്. ഈ തെക്കിനി ഇന്ന് ഒരു ഓൺസൈറ്റ് മ്യൂസിയമാണ്. പണം എണ്ണുന്ന ബോർഡ്, തൂക്കുപകരണങ്ങൾ, വിന്റേജ് അടുക്കള പാത്രങ്ങൾ തുടങ്ങി ഇവിടുത്തെ ഓരോ സാധനങ്ങള്‍ക്കും പിന്നില്‍ ഓരോ കഥയുണ്ട്. തറവാടിനപ്പുറം, കൊട്ടുകപ്പള്ളി കുടുംബത്തിന്റെ റബ്ബർ തോട്ടത്തിലേക്ക് 20 കിലോമീറ്റർ ഡ്രൈവ് ചെയ്യാം. ഈ പ്രദേശത്തെ കൈത്തറി നെയ്ത്തുകാരെ സന്ദര്‍ശിക്കാം. ശ്രീരാമനും സഹോദരന്മാർക്കും സമർപ്പിച്ചിരിക്കുന്ന നാല് ക്ഷേത്രങ്ങള്‍ കാണാം. ഭരണങ്ങാനത്തെ അൽഫോൻസാ ദേവാലയവും ഈ യാത്രയില്‍ കണ്ടു പോരാം.