വിമാന ടിക്കറ്റ് വേണ്ട, ഒരു രൂപ ചെലവില്ല... ഫ്രീയായി ആസ്വദിക്കാം തായ്‌ലൻഡ് വിർച്വൽ ടൂർ

Mail This Article
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണ് എല്ലാവരും. വിദേശയാത്രകള്‍ ഒക്കെ പ്ലാന്‍ ചെയ്ത് ഇരിക്കുകയായിരുന്നു പലരും. കോറോണ മൂലം യാത്രാസ്വപ്‌നങ്ങള്‍ ഒക്കെ പൊലിഞ്ഞു. ജീവന്‍ ഉണ്ടെങ്കിലല്ലേ യാത്ര ചെയ്യാന്‍ പറ്റൂ എന്നോര്‍ത്ത് സമാധാനിക്കുകയേ വഴിയുള്ളൂ. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യാനാവാതെ വിഷമിച്ച് ബോറടിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പുതിയ ട്രെന്‍ഡാണ് വിര്‍ച്വല്‍ ടൂറുകള്‍. വീട്ടിലിരുന്നു തന്നെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാം, ഫോട്ടോ എടുക്കാം, കാണാന്‍ കൊതിച്ച ഇടങ്ങളിലെല്ലാം അഞ്ചു പൈസ ചെലവില്ലാതെ പോയി വരാം!
മലയാളികള്‍ അടക്കം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന സ്ഥലമാണ് തായ്‌ലൻഡ്. ചെലവും നൂലാമാലകളും കുറവാണ് എന്നത് തന്നെയാണ് തായ്‌ലൻഡിനെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. എന്നാല്‍ വീട്ടിലിരുന്നു തന്നെ തായ്‌ലൻഡ് യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞാലോ? മറ്റു സ്ഥലങ്ങളില്‍ എന്ന പോലെ തായ്‌ലൻഡിലൂടെയും യാത്ര ചെയ്യാനായി വിര്‍ച്വല്‍ ടൂറുകള്‍ ലഭ്യമാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍. ഇവിടുത്തെ എല്ലാ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെയും 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കംപ്യൂട്ടറിലൂടെ കാണാം. ഇതിനായി ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡിന്‍റെ (TAT) പിന്തുണയുമുണ്ട്.

തായ്‌ലൻഡിലൂടെ യാത്ര ചെയ്യാന്‍ സഞ്ചാരികളെ സഹായിക്കുന്ന വെബ്സൈറ്റുകളില്‍ ഒന്നാണ് www.thaivirtualtour.com. ഇത് സന്ദർശിച്ചാൽ ഇവിടുത്തെ ചില പ്രധാന സ്ഥലങ്ങളിലൂടെ വിര്‍ച്വല്‍ യാത്ര ചെയ്യാം. ഫോട്ടോ എടുക്കാം. വേണ്ട സ്ഥലങ്ങളിലേക്ക് മൗസ് പോയിന്‍റര്‍ തിരിച്ചാല്‍ നടന്നു പോയി കാണുന്ന പോലെയുള്ള അനുഭവമാണ് ഉണ്ടാവുക.

തായ്‌ലൻഡിലെ ഏറ്റവും ഉയരമുള്ള ഒബ്സര്‍വേഷന്‍ ഡക്ക് എന്നറിയപ്പെടുന്ന ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്ന 'കിംഗ് പവര്‍ മഹാനഖോന്‍, സെന്‍റ് ല്യൂയിസ് ചര്‍ച്ച്, വറ്റാന വില്ലേജ് റിസോര്‍ട്ട്, ആയുത്തായയിലെ പുരാതന ബുദ്ധക്ഷേത്രങ്ങളായ വാട്ട് കുടി ഡാവോ, വാട്ട് കുടി രച്ചബുരാന, ഹോളി റൊസാരി ചര്‍ച്ച് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ക്കൂടി 'സഞ്ചരിക്കാം'. കൂടാതെ ചില റിസോര്‍ട്ടുകളും കഫേകളും കൂടി ഈ ലിസ്റ്റില്‍ ഉണ്ട്.

വെബ്സൈറ്റ് സന്ദർശിക്കാം : https://thaivirtualtour.com/