ഡ്രാഗണ്‍ ‘കുഞ്ഞു’ങ്ങൾ, കാഷ്ഠത്തില്‍ നിന്നുണ്ടാക്കുന്ന കാപ്പി; വിയറ്റ്‌നാം യാത്രയിലെ കൗതുകങ്ങൾ
Mail This Article
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമുള്ള രാജ്യമാണ് വിയറ്റ്‌നാം. തെക്ക് ഹോ ചി മിൻ, വടക്ക് തലസ്ഥാനമായ ഹനോയ്, മധ്യഭാഗത്തുള്ള ഡാ നാങ് എന്നിവയാണ് ഇവിടെയുള്ള പ്രധാന നഗരങ്ങൾ. അധികം ചെലവില്ലാതെ പോയിവരാവുന്ന വിയറ്റ്നാമിനെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകള്‍ ഇതാ.
കറൻസി ‘ഡോങ്’
വിയറ്റ്നാമിലെ കറന്‍സി ഡോങ് എന്നാണറിയപ്പെടുന്നത്. VND 10,000 ആണ് ഇവിടുത്തെ ഏറ്റവും ചെറിയ കറന്‍സി നോട്ട്, അതായത് ഏകദേശം 33.3 ഇന്ത്യന്‍ രൂപ! കറന്‍സിക്ക് മൂല്യം കുറവാണെങ്കിലും കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാവുന്നവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം.
രാജ്യത്തെ ഏറ്റവും മികച്ച കാപ്പി, കാഷ്ഠത്തില്‍നിന്ന്!
വിയറ്റ്‌നാമില്‍ ധാരാളമായി കാണപ്പെടുന്ന ഏഷ്യൻ പാം സിവെറ്റുകളുടെ കാഷ്ഠത്തില്‍നിന്നാണ് വിയറ്റ്‌നാമിലെ സ്പെഷല്‍ കോഫിയായ ‘കോപ്പി ലുവാക്ക്’ നിര്‍മിക്കുന്നത്. ഈ ജീവികള്‍ കാപ്പിക്കായകള്‍ തിന്ന ശേഷം, കുരുക്കള്‍ അവയുടെ കുടലിലൂടെ കടന്നുപോകുമ്പോൾ പുളിപ്പിക്കപ്പെടുന്നു. ഈ കുരു അവയുടെ കാഷ്ഠത്തിലൂടെ പുറത്തെത്തുമ്പോള്‍ ശേഖരിച്ച് ഉണക്കിപ്പൊടിച്ച് കാപ്പിയുണ്ടാക്കുന്നു. ഇതാണ് കോപ്പി ലുവാക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഗുണമേന്മയുള്ള കായകള്‍ മാത്രമാണ് സിവെറ്റുകൾ കഴിക്കുന്നത് എന്നതിനാല്‍ കാപ്പിയും ഫസ്റ്റ്ക്ലാസായിരിക്കും എന്നതാണ് മറ്റൊരു കാര്യം! ലോകത്തു മറ്റെല്ലായിടത്തും വളരെ ചെലവേറിയതാണ് ഈ കോഫി. എന്നാല്‍ വിയറ്റ്‌നാമിൽ പോക്കറ്റ് കീറാതെ ഈ ലോകപ്രസിദ്ധ കോഫി പരീക്ഷിക്കാം!
കാപ്പി ഉല്‍പാദനത്തില്‍ ബ്രസീലിനു പിന്നിൽ ലോകത്ത് രണ്ടാംസ്ഥാനമാണ് വിയറ്റ്നാമിനുള്ളത്. അതുകൊണ്ടുതന്നെ, ലോകത്ത് മറ്റെവിടെയും കാണാത്ത തരത്തിലുള്ള പ്രത്യേകയിനം കാപ്പിരുചികള്‍ ഇവിടെയുണ്ട്. അത്തരത്തിലുള്ള മറ്റൊരു കാപ്പിയാണ് മുട്ട കാപ്പി. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, പാൽ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന മധുരമേറിയ ഒരു കാപ്പിയാണിത്.
‘എസ്’ ആകൃതിയുള്ള രാജ്യം
ഇംഗ്ലിഷ് അക്ഷരമാലയിലെ ‘എസ്’ പോലെയുള്ള ആകൃതിയാണ് വിയറ്റ്നാമിനുള്ളത്. ലാവോസിനും കംബോഡിയയ്ക്കുമൊപ്പമാണ് ഇതിന്‍റെ സ്ഥാനം. തെക്കുവടക്ക് ദിശയില്‍, നീളമേറിയ രാജ്യമായതിനാല്‍ ഒരേസമയം വ്യത്യസ്ത കാലാവസ്ഥാ മേഖലകളെ ഉൾക്കൊള്ളുന്ന രാജ്യം കൂടിയാണിത്. ഒരേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥകളായിരിക്കും.
മോട്ടർബൈക്കുകൾ റോഡിലെ രാജാക്കന്മാര്‍
മോട്ടർ ബൈക്കുകളാണ് വിയറ്റ്‌നാമിലെ റോഡുകളെ ഭരിക്കുന്നതെന്ന് ഹനോയിൽ എത്തുമ്പോള്‍ത്തന്നെ മനസ്സിലാകും. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, റജിസ്റ്റർ ചെയ്ത 50 ദശലക്ഷം മോട്ടർബൈക്കുകള്‍ ഇവിടെയുണ്ട്. വിയറ്റ്നാമിലെ യാത്രകൾക്കായി സഞ്ചാരികള്‍ക്ക് മോട്ടർബൈക്ക് വാടകയ്‌ക്കെടുക്കാം. ചെലവു വളരെ കുറഞ്ഞ യാത്രാമാര്‍ഗ്ഗം കൂടിയാണിത്.
ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി കയറ്റുമതിക്കാർ
ലോകത്തിലെ മൊത്തം കശുവണ്ടി ഉല്‍പാദനത്തിന്‍റെ 60% വിയറ്റ്‌നാമില്‍ നിന്നാണ്. വിയറ്റ്‌നാമില്‍ വളരെ വിലകുറഞ്ഞ ഒരു ലഘുഭക്ഷണം കൂടിയാണ് കശുവണ്ടി. പല രുചികളിലുള്ള കശുവണ്ടികള്‍ ഇവിടെ ലഭ്യമാണ്.
എല്ലാവരുടെയും കുടുംബപ്പേര് ഒന്നോ!
വിയറ്റ്‌നാമിലെ ഏറ്റവും സാധാരണമായ കുടുംബപ്പേരാണ് എൻഗുയെൻ(Nguyen) എന്നത്. നിരവധി കുടുംബങ്ങൾക്ക് ഈ പേരുണ്ട്. അതുകൊണ്ടുതന്നെ ഫസ്റ്റ് നെയിം ചോദിക്കുന്നതാണ് ഇവിടെ ആളുകളോട് സംസാരിക്കുമ്പോള്‍ ഏറ്റവും നല്ല മാര്‍ഗം. മാത്രമല്ല, വിയറ്റ്‌നാമിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഹോചിമിനോടുള്ള ആദരസൂചകമായി, നിരവധി ആളുകള്‍ക്ക് അദ്ദേഹത്തിന്‍റെ പേരും ഉണ്ട് എന്നുകാണാം.
ലോകത്തിലെ ഏറ്റവും വലിയ ഗുഹ ഇവിടെയാണ്
200 മീറ്ററിലധികം ഉയരവും 175 മീറ്റർ വീതിയും 9.4 കിലോമീറ്റർ നീളവുമുള്ള, ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് ഹാങ് സൺ ഡൂങ് ഗുഹ. മൗണ്ടൻ റിവർ ഗുഹ എന്നും അറിയപ്പെടുന്നു. മധ്യ വിയറ്റ്നാമിലെ ഫോങ് നാ കെ ബാങ് നാഷനൽ പാർക്കിൽ ഇത് ആദ്യമായി കണ്ടെത്തിയത് 1990 ലായിരുന്നു.
ഗുഹയിൽ ഓരോ വർഷവും 1000 പേർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതും വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ മാത്രം. കുരങ്ങുകൾ, പാമ്പുകൾ, പക്ഷികൾ, വവ്വാലുകൾ, ചിലന്തികൾ, മത്സ്യങ്ങൾ എന്നിങ്ങനെ നിരവധി ജീവികള്‍ ഈ ഗുഹയ്ക്കുള്ളില്‍ വസിക്കുന്നു.
ഡ്രാഗണിന്‍റെ പിന്‍ഗാമികള്‍
പുരാതന വിയറ്റ്നാമീസ് നാടോടിക്കഥകള്‍ പ്രകാരം, വിയറ്റ്നാമിലെ ആളുകൾ ഡ്രാഗണുകളുടെ പിൻഗാമികളാണ്. നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ്, ഇവിടം ഭരിച്ചിരുന്ന ഡ്രാഗണുകളുടെ രാജാവ് ഒരു യക്ഷിയെ വിവാഹം കഴിച്ചു എന്നാണ് ഐതിഹ്യം. അവര്‍ക്ക് 100-ലധികം ആൺമക്കളുണ്ടായി, മൂത്തവൻ വിയറ്റ്നാമിലെ ആദ്യത്തെ രാജാവായി. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളാണ് വിയറ്റ്‌നാമീസ് ജനത എന്നു വിശ്വസിക്കപ്പെടുന്നു.
English Summary: Vietnam Travel Experience