ഇറ്റലിയിലെ വേനല്‍ വെയിലില്‍ വെക്കേഷന്‍ ആസ്വദിച്ച് മുന്‍ ലോകസുന്ദരി
Mail This Article
ഇറ്റലിയിലൂടെ സ്വപ്നസുന്ദരയാത്ര ചെയ്യുകയാണ് മുന്‍ ലോക സുന്ദരിയും നടിയുമായ മാനുഷി ചില്ലര്‍. ഫ്ലോറന്‍സില്‍ നിന്നും ടസ്കനിയില്‍ നിന്നുമെല്ലാമുള്ള മനോഹരമായ ചിത്രങ്ങള്‍ മാനുഷിയുടെ സോഷ്യല്‍ മീഡിയയിലുണ്ട്. ഇറ്റാലിയൻ ഉപദ്വീപിന്‍റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന ടസ്കനി ഈയിടെയായി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. താരങ്ങളായ അദിതി റാവു ഹൈദരിയും സിദ്ദാര്‍ത്ഥും ഈ മാസം തന്നെയാണ് ടസ്കനിയില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബോളിവുഡ് നടി ശില്‍പ്പാഷെട്ടിയും ഇവിടേക്ക് യാത്ര ചെയ്തിരുന്നു. പ്രകൃതിസൗന്ദര്യം, കലാപൈതൃകം, സംസ്കാരം എന്നിവയ്ക്കെല്ലാം പേരുകേട്ട ടസ്കനി, ഇറ്റാലിയന്‍ നവോത്ഥാനത്തിൻ്റെ ജന്മസ്ഥലം കൂടിയാണ്.
ഫ്ലോറൻസിലെ ചരിത്ര കേന്ദ്രം, പിസയിലെ കത്തീഡ്രൽ സ്ക്വയർ, സാന്‍ ഗിമിഗ്നാനോയുടെ ചരിത്ര കേന്ദ്രം, സിയീനയുടെ ചരിത്ര കേന്ദ്രം, പിയൻസയുടെ ചരിത്ര കേന്ദ്രം, വാൽ ഡി ഓർഷ്യ, മെഡിസി വില്ലാസ് ആൻഡ് ഗാർഡൻസ്, ഗ്രേറ്റ് സ്പാ ടൗണ്‍സ് ഓഫ് യൂറോപ്പ്, മൊണ്ടെകാറ്റിനി ടെർമെ എന്നിങ്ങനെയുള്ള ഇവിടുത്തെ ലോകപൈതൃക കേന്ദ്രങ്ങള്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
വെനെറ്റോയ്ക്ക് ശേഷം, ഇറ്റലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇറ്റാലിയൻ പ്രദേശമാണ് ടസ്കനി. ഫ്ലോറൻസ്, കാസ്റ്റിഗ്ലിയോൺ ഡെല്ല പെസ്കായ, പിസ, സാൻ ഗിമിഗ്നാനോ, ലൂക്ക, ഗ്രോസെറ്റോ, സിയീന എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ടസ്കനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറൻസ്. ടസ്കനിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അധിവസിക്കുന്ന പ്രദേശവും ഇതുതന്നെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അഞ്ചു വര്‍ഷക്കാലം ഇറ്റലിയുടെ തലസ്ഥാനം എന്ന പദവിയും ഫ്ലോറന്‍സ് വഹിച്ചു. മദ്ധ്യ കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടത്തിലും വളരെ പ്രധാനപ്പെട്ട നഗരമായിരുന്ന ഫ്ലോറന്‍സ്, ആർണോ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഏറെക്കാലം മെഡിചി കുടുംബത്തിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്ന ഫ്ലോറന്‍സിനെ 'മദ്ധ്യകാലഘട്ടത്തിലെ ഏഥൻസ്' എന്നും വിളിക്കുന്നു. ഇവിടുത്തെ ചരിത്രകേന്ദ്രം 1982ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി.
ചെരിഞ്ഞ ഗോപുരത്തിന് പേരുകേട്ട പിസ നഗരമാണ് ശ്രദ്ധേയമായ മറ്റൊരിടം. അർനോ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന പിസ നഗരത്തിന് വേറെയുമുണ്ട് സവിശേഷതകള്‍. നദിയ്ക്ക് കുറുകെ ചരിത്രപരമായ ഒട്ടേറെ പാലങ്ങളുണ്ട്. കൂടാതെ നഗരത്തിൽ മറ്റ് ഇരുപതിലധികം ചരിത്രപരമായ പള്ളികളും നിരവധി മധ്യകാല കൊട്ടാരങ്ങളുമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പിസ സർവകലാശാലയും ഈ നഗരത്തിലാണ്.
ഇറ്റാലിയൻ, യൂറോപ്യൻ കലകളുടെ ഗതിയെ സ്വാധീനിച്ച ഒട്ടേറെ കലാകാരന്മാര്‍ ജനിച്ച, സിയേന നഗരവും ടസ്കനിയിലെ പ്രധാന പ്രദേശമാണ്. മധ്യകാല യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായിരുന്ന സിയേനയിലെ ചരിത്ര കേന്ദ്രം യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. അതിൽ 13, 14 നൂറ്റാണ്ടുകളിലെ നിരവധി കെട്ടിടങ്ങൾ അടങ്ങിയിരിക്കുന്നു. ഇവിടുത്തെ പ്രധാന ചത്വരമായ പിയാസ ഡെൽ കാമ്പോയിൽ വർഷത്തിൽ രണ്ടുതവണ നടക്കുന്ന കുതിരപ്പന്തയം പ്രസിദ്ധമാണ്. "നവോത്ഥാന നാഗരികതയുടെ ടച്ച്‌സ്റ്റോൺ" ആയി കണക്കാക്കപ്പെടുന്ന പിയൻസയും സിയേനയിലാണ്.
പിയൻസയുടെ പടിഞ്ഞാറ് ഭാഗത്തായി മൊണ്ടാൽസിനോ എന്ന കുന്നിന്‍പ്രദേശമുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള ടസ്കന്‍ പ്രദേശത്തെ ഒലിവ് തോട്ടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, വയലുകൾ, ഗ്രാമങ്ങൾ എന്നിവ വളരെ മനോഹരമായി കാണാം. മൊണ്ടാൽസിനോയുടെ താഴ്ന്ന ചരിവുകളിൽ തന്നെ മുന്തിരിവള്ളികളും ഒലിവ് തോട്ടങ്ങളും നിരവധിയുണ്ട്.
സിയേനയുടെ തെക്ക് കുന്നുകൾ മുതൽ മോണ്ടെ അമിയാറ്റ വരെ വ്യാപിച്ചു കിടക്കുന്ന വാൽ ഡി ഓർഷ്യ പ്രദേശം, മനോഹരമായ ഗ്രാമങ്ങള്‍ക്കും ഇറ്റാലിയന്‍ വൈനിനും നവോത്ഥാന ചിത്രകലയ്ക്കും പേരുകേട്ടതാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു റെയിൽവേയും ഇവിടെയുണ്ട്. ഒട്ടേറെ സിനിമകളുടെ ലൊക്കേഷന്‍ കൂടിയാണ് ഈ പ്രദേശം.