അന്യഗ്രഹജീവി സംഘടനയുമായി ഇസ്രയേൽ ബന്ധം സ്ഥാപിച്ചു; ലോകത്തെ ഞെട്ടിച്ച ശാസ്ത്രജ്ഞൻ
Mail This Article
ഇസ്രയേൽ ബഹിരാകാശവകുപ്പിലെ ശാസ്ത്രജ്ഞനും അതിന്റെ ഡയറക്ടറുമായിരുന്നു പ്രഫസർ ഹൈം എഷേദ്. 2020ൽ കോവിഡ് ലോകത്തു പിടിമുറുക്കിയ കാലം. അപൂർവമായ ഒരു വെളിപ്പെടുത്തലുമായി എഷേദ് രംഗത്തു വന്നു. ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുടെ സംഘടനയായ ഗലാറ്റിക് ഫെഡറേഷനുമായി ബന്ധമുണ്ടെന്നായിരുന്നു അത്.
ഇസ്രയേൽ ബഹിരാകാശ പദ്ധതിയുടെ നേതൃസ്ഥാനത്ത് 30 വർഷത്തോളം ഇരുന്നയാളാണ് എഷേദ്. ഇസ്രയേലിന്റെ സെക്യൂരിറ്റി പുരസ്‌കാരം 3 തവണ അദ്ദേഹം നേടുകയും ചെയ്തു. ഇത്രയും പ്രഗത്ഭനായ ഒരു വ്യക്തിയാണ് ഇങ്ങനെയൊരു വാദം ഉയർത്തിയതെന്നത് ലോകശ്രദ്ധ നേടി.
ഇപ്പോൾ 90 വയസ്സാണ് എഷേദിന്. യുഎസ് അധികൃതരുമായി ബന്ധം സ്ഥാപിച്ച അന്യഗ്രഹജീവികളുടെ സംഘടന ചൊവ്വയിൽ ഒരു രഹസ്യ അണ്ടർഗ്രൗണ്ട് ബേസ് സൃഷ്ടിച്ചെന്നും എഷേദ് പറഞ്ഞു. അക്കാലത്ത് യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് ബഹിരാകാശത്തു നിന്നുള്ള ഭീഷണികൾ നേരിടാനായി സ്‌പേസ് ഫോഴ്‌സ് എന്ന ബഹിരാകാശ സേന സ്ഥാപിക്കാൻ തുടക്കമിട്ട കാലയളവായിരുന്നു അത്.
ട്രംപിന് അന്യഗ്രഹജീവികളെപ്പറ്റി അറിവുണ്ടായിരുന്നെന്നും അദ്ദേഹം അതു ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ തുടങ്ങിയതുമാണെന്നും എഷേദ് പറഞ്ഞിരുന്നു. എന്നാൽ ഗലാറ്റിക് ഫെഡറേഷൻ അതു തടഞ്ഞു. അക്കാലത്ത് മനുഷ്യർ അങ്ങനെയൊരു കാര്യം അംഗീകരിക്കാനുള്ള പക്വത നേടിയില്ലെന്നും അതിനാലാണ് അവരത് തടഞ്ഞതെന്നുമായിരുന്നു എഷേദ് അതെക്കുറിച്ചു പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി യൂണിവേഴ്‌സ് ബിയോണ്ട് ദ ഹൊറൈസൺ എന്ന പുസ്തകവും എഷേദ് എഴുതിയിരുന്നു.