സിനിമ കണ്ട ജിതിന്റെ ഉറപ്പ് ,കുറുപ്പ് വീരനല്ല

Mail This Article
ആലപ്പുഴ ∙ അച്ഛനെ കൊലപ്പെടുത്തിയ യഥാർഥ കുറുപ്പിനെ കണ്ടിട്ടില്ലെങ്കിലും തീയറ്ററിലെത്താനൊരുങ്ങുന്ന ‘കുറുപ്പ്’ 2 തവണ കണ്ടു ജിതിൻ ചാക്കോ. വീണ്ടും കാണാൻ പരിപാടിയുമുണ്ട്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’ സിനിമയിൽ പിടികിട്ടാപ്പുള്ളിയെ വെള്ളപൂശുന്ന കാര്യങ്ങളൊന്നും ചേർത്തിട്ടില്ലെന്നു ഉറപ്പാക്കാനാണ് കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ മകൻ ജിതിൻ ചിത്രം റിലീസിനു മുൻപ് കണ്ടത്.
സിനിമയെക്കുറിച്ച് ജിതിൻ പറയുന്നു: ‘കുറുപ്പ് സിനിമയിൽ സുകുമാരക്കുറുപ്പിന് വീരപരിവേഷം നൽകുന്നുവെന്ന് കേട്ടാണ് ഞങ്ങൾ നിർമാതാവിനും സംവിധായകനും തിരക്കഥാകൃത്തിനും വക്കീൽ നോട്ടിസ് അയച്ചത്. അതിനുശേഷം സിനിമയുടെ പ്രവർത്തകർ ബന്ധപ്പെട്ട് പ്രിവ്യു കാണിച്ചു.
ഒരു വർഷം മുൻപ്, ഷൂട്ടിങ് പൂർത്തിയാകുന്നതിനു മുൻപാണ് ആദ്യം സിനിമയുടെ ഭാഗങ്ങൾ സംവിധായകന്റെയും എന്റെ വക്കീലിന്റെയും സാന്നിധ്യത്തിൽ കണ്ടത്. ഷൂട്ടിങ് പൂർത്തിയായ ശേഷം ഒരിക്കൽ കൂടി ഞങ്ങൾ സിനിമ കണ്ടു. സിനിമയിൽ സുകുമാരക്കുറുപ്പിനെ വാഴ്ത്തുന്ന ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. സിനിമയിൽ കാണിക്കുന്ന പല സംഭവങ്ങളും എനിക്കു പുതിയ അറിവായിരുന്നു. സിനിമ കാണാൻ അമ്മ ശാന്തമ്മ വന്നിരുന്നില്ല. തീയറ്ററിലെത്തിയാലും അമ്മ കാണുന്നില്ലെന്നാണു പറഞ്ഞത്. ഞാനും ഭാര്യ ഷാനിയും തീയറ്ററിൽ പോയി സിനിമ കാണും. കുറച്ചു ദിവസം മുൻപ് സിനിമയിലെ നായകനും നിർമാതാവുമായ ദുൽഖർ സൽമാനും ഞങ്ങളെ കണ്ടിരുന്നു–’ ജിതിൻ പറഞ്ഞു.
ആലപ്പുഴയിലെ വാഹന ഷോറൂമിലെ ജീവനക്കാരനാണ് ജിതിൻ. ആലപ്പുഴ വനിതാ – ശിശു ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു ശാന്തമ്മ.