ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ച റോഡ് ഉദ്ഘാടത്തിനു മുൻപേ തകർന്നു; മുടക്കിയത് 5 കോടിയിലധികം രൂപ

Mail This Article
നെടുങ്കണ്ടം∙ നിർമാണത്തിലെ അപാകത- എഴുകുംവയൽ-തൂവൽ പത്തുവളവ് റോഡ് ഉദ്ഘാടത്തിനു മുൻപേ തകർന്നതായി പരാതി. കുടിയേറ്റക്കാലം മുതൽ ഈ പ്രദേശത്തെ നൂറുകണക്കിനാളുകൾ ആശ്രയിച്ചിരുന്ന റോഡ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ചത്. എംഎൽഎ ഫണ്ടിൽനിന്ന് 5 കോടിയിലധികം രൂപ മുടക്കിയായിരുന്നു നിർമാണം.
എന്നാൽ ശക്തമായ ഒരു മഴ പെയ്തതോടെ റോഡ് താറുമാറായി. നിർമാണത്തിലെ അപാകതയാണ് ഉദ്ഘാടനത്തിനു മുൻപേ റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യത്തിന് കലുങ്കുകളും കോൺക്രീറ്റ് ഓടകളും നിർമിക്കാതെയാണ് റോഡ് നിർമിച്ചതെന്നാണ് ആരോപണം. പൂർണമായും മലഞ്ചെരുവിലൂടെ നിർമിച്ച റോഡിൽ മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി ആവശ്യത്തിന് കലുങ്കുകൾ നിർമിച്ചിട്ടില്ല.
കോൺക്രീറ്റ് ഓടകൾ നിർമിക്കാത്തതിനാൽ ശക്തമായ വെള്ളമൊഴുക്കിൽ റോഡിന്റെ വശങ്ങളിൽ നിന്നും മണ്ണൊലിച്ചു പോയിരിക്കുകയാണ്. റോഡിൽനിന്നു കുതിച്ചെത്തുന്ന വെള്ളവും മണ്ണും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശനഷ്ടമുണ്ടാകുന്നതിനും കാരണമായിട്ടുണ്ട്. അശാസ്ത്രീയമായ നിർമാണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ സ്വപ്ന പദ്ധതിയായ എഴുകുംവയൽ-തൂവൽ-പത്തുവളവ് റോഡിന്റെ അപാകതകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.