ഉദ്ഘാടനത്തിനൊരുങ്ങി നെടുമൺകാവ് വ്യാപാര സമുച്ചയം

Mail This Article
നെടുമൺകാവ് ∙ വ്യാപാര സമുച്ചയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി. വ്യാപാര സമുച്ചയത്തിന്റെയും ആധുനിക മത്സ്യ മാർക്കറ്റിന്റെയും നിർമാണം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ 5.2 കോടി രൂപ ചെലവഴിച്ചാണു കെട്ടിട നിർമാണം നടത്തിയത്. 2 ബ്ലോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഒന്നാം ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിൽ 12 കടമുറികളും ഒന്നാം നിലയിൽ മൂന്ന് ഓഫിസ് മുറികളും രണ്ടാം നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഓഫിസ് മുറിയും സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാം ബ്ലോക്കിൽ മത്സ്യ മാർക്കറ്റ് മത്സ്യവും മറ്റ് ഉൽപന്നങ്ങളും സൂക്ഷിക്കാൻ സെല്ലർ സംവിധാനം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ചിൽ റൂം സംവിധാനം, മൂല്യവർധിത ഉൽപന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷൻ റൂം, ഗോഡൗൺ എന്നിവയും നിർമിച്ചു. മുകളിലത്തെ നിലയിൽ 10 മത്സ്യ സ്റ്റാളുകളും 8 പച്ചക്കറി സ്റ്റാളുകളും തയാറാക്കും.
പൊതുജനങ്ങൾക്കു സൗകര്യപ്രദമായി മത്സ്യം വാങ്ങുന്നതിനു സൗകര്യമുണ്ടാകും. ഡ്രെയ്നേജ്, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതീകരണം, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാർക്കിങ്ങിനുള്ള ക്രമീകരണങ്ങൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. കരീപ്ര പഞ്ചായത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന വ്യാപാര സമുച്ചയം അടുത്ത മാസം നാടിന് സമർപ്പിക്കും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ, ജെ രാമാനുജൻ, എം.എസ്.ശ്രീകുമാർ, എ.അജയഘോഷ്, സി. അജയകുമാർ, ജി.മോഹനൻ, ടി.എസ്.ഓമനക്കുട്ടൻ, കെ.അബ്ദുൽ റഹ്മാൻ, എൻ.എസ്.സജീവ് എന്നിവർ ബാലഗോപാലിനൊപ്പം ഉണ്ടായിരുന്നു.