ചങ്ങനാശേരി ജനറൽ ആശുപത്രി: ഒപി ടിക്കറ്റെടുക്കാൻ ക്യൂ നിന്നാൽ അവശത ഇരട്ടിയാകും

Mail This Article
ചങ്ങനാശേരി ∙ ഒപി ടിക്കറ്റെടുക്കാൻ കാത്തുനിന്ന് മടുത്ത് ജനം. കംപ്യൂട്ടർവൽക്കരിച്ചിട്ടും ജനറൽ ആശുപത്രിയിലെ ക്യൂവിന്റെ നീളം കുറഞ്ഞില്ല. ഇന്നലെ ഒപി ടിക്കറ്റ് നൽകുന്നതിലുണ്ടായ മെല്ലെപ്പോക്കിനെ തുടർന്ന് കനത്ത തിരക്കാണ് ആശുപത്രിയിലുണ്ടായത്. പഴയ ഒപി കൗണ്ടറിലും പുതിയ ഒപി റജിസ്ട്രേഷൻ ബ്ലോക്കിലും രാവിലെ മുതൽ വലിയ തിരക്കായിരുന്നു. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നതോടെ പലപ്പോഴും തർക്കമായി. ചീട്ട് എടുക്കാൻ കാത്തു നിന്നവരും ജീവനക്കാരും തമ്മിലായിരുന്നു തർക്കം.
കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളും മുതിർന്ന പൗരന്മാരും കാത്തുനിന്ന് വലഞ്ഞു. പലവിധ അസുഖങ്ങളുമായി വന്നവർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. പുതിയ ഒപി ബ്ലോക്കിൽ ആദ്യം ഒരു ജീവനക്കാരി മാത്രമാണുണ്ടായിരുന്നത്. തിരക്ക് അനിയന്ത്രിതമാവുകയും ബഹളമുണ്ടാവുകയും ചെയ്തതോടെ സഹായത്തിനായി ഒരു ജീവനക്കാരൻ കൂടിയെത്തി. പഴയ ഒപി ബ്ലോക്കിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ക്യൂ പാർക്കിങ് സ്ഥലത്തേക്കു നീണ്ടു. മുതിർന്ന പൗരന്മാർക്കു പ്രത്യേക ക്യൂവില്ലാത്തതും ദുരിതമാണ്.
ജീവനക്കാരുടെ കുറവെന്ന് അധികൃതർ
മതിയായ ജീവനക്കാരില്ലാത്തതാണ് തിരക്കിനു കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ നൈറ്റ് ഡ്യൂട്ടിക്കടക്കം ആകെ 5 ജീവനക്കാരാണുള്ളത്. ഒരാളുടെ ഒഴിവുണ്ട്. ഇന്നലെ 3 പേരാണ് ഒപി ബ്ലോക്കുകളിലുണ്ടായിരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
ഡോക്ടർമാരുടെ ഒഴിവ് നികത്തിയില്ല
രണ്ട് ഡോക്ടർമാർ ആവശ്യമായ ഓർത്തോ വിഭാഗത്തിൽ ഒരു ജൂനിയർ കൺസെൾട്ടന്റ് മാത്രമാണ് ഉള്ളത്. 6 വർഷമായി സീനിയർ കൺസെൾട്ടന്റ് പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മെഡിസിൻ വിഭാഗത്തിലും മൂന്ന് വർഷമായി ഒരു ഡോക്ടറുടെ ഒഴിവുണ്ട്.
ആശുപത്രി വികസനസമിതി യോഗം അഥവാ ചായ ചർച്ച
ആശുപത്രിയിലെ വികസനസമിതി യോഗം ചായ കുടിച്ചു പിരിയുന്ന ചർച്ച മാത്രമാകുന്നുവെന്ന കനത്ത ആക്ഷേപം പൊതുജനങ്ങൾക്കിടയിലുണ്ട്. ഡോക്ടർമാരുടെ കുറവ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി പല വിഷയങ്ങളും പരിഗണിക്കാതെ ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് വികസനസമിതി യോഗത്തിന്റെയും അംഗങ്ങളുടെയും ശ്രദ്ധയെന്നും വ്യാപക പരാതിയുണ്ട്.