രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാൻ പദ്ധതി
Mail This Article
കോഴിക്കോട്∙ മറയൂരിലെ 2400 ചന്ദനമരങ്ങൾക്ക് ‘സ്പൈക് ഡിസീസ്’ രോഗം ബാധിച്ചതായുള്ള കണ്ടെത്തലിനു പിന്നാലെ സംസ്ഥാനത്ത് രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാൻ വനം വകുപ്പിന്റെ പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ 200 ഹെക്ടർ ഭൂമിയിൽ ചന്ദനത്തൈകളും ആതിഥേയ വൃക്ഷങ്ങളും വച്ചു പിടിപ്പിക്കാൻ 23.47 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കുന്നത്. മറയൂരിനു പുറമേ, കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനം വളരുന്ന മണ്ണാർകാട്ടെ അര ലക്ഷത്തിലേറെ മരങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതിയും കൂട്ടത്തിലുണ്ട്.
സ്വാഭാവിക ചന്ദനക്കാടുകളുടെ സംരക്ഷണം, പ്രത്യേക പരിപാലനം, തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ചന്ദനമരങ്ങൾ വച്ചു പിടിപ്പിക്കൽ എന്നിവയാണ് പ്രവൃത്തികൾ. ഈ വർഷം 7.66 കോടി വകയിരുത്തിയിട്ടുണ്ട്. 2023–24 ലേക്ക് 8.26 കോടിയും 24–25 ലേക്ക് 7.54 കോടിയുമാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് ഫണ്ടിൽ നിന്ന് വിനിയോഗിക്കുക.നിലവിൽ 11 ഇടങ്ങളിലെ 3670 ഹെക്ടറിൽ 1,30,042 ചന്ദന മരങ്ങൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.
ആതിഥേയ വൃക്ഷം
അർധ പരാന്നസസ്യമാണ് ചന്ദനം. ആവശ്യമുള്ള ധാതുക്കൾ പൂർണമായും മണ്ണിൽ നിന്ന് സ്വയം വലിച്ചെടുക്കാനുള്ള കഴിവ് ചന്ദനത്തിനില്ല. സമീപത്തു വളരുന്ന മറ്റ് ചെടികളുടെ വേരിൽ നിന്നാണ് ധാതുക്കൾ വലിച്ചെടുക്കുന്നത്. ഇതിനായി അധികം ഉയരത്തിലേക്ക് വളരാത്ത ചീര, കറിവേപ്പ്, തുവരപ്പയർ, ശീമക്കൊന്ന, തുളസി തുടങ്ങിയ ചെടികൾ കൂടി സമീപത്തായി വച്ചു പിടിപ്പിക്കും. ഇവയുടെ വേര് ഉപയോഗപ്പെടുത്തിയായിരിക്കും ചന്ദനത്തിന്റെ വളർച്ച.
മറയൂരിലെ ചന്ദനമരങ്ങൾക്ക് അപൂർവ രോഗം ബാധിച്ചിട്ടുണ്ട്. ഇത് എന്താണ് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദക്ഷിണേന്ത്യയിലെ വന ഗവേഷണ കേന്ദ്രങ്ങളെ പഠനത്തിനു ചുമതലപ്പെടുത്തി. 17ന് മറയൂർ സന്ദർശിച്ച ശേഷം ഈ മരങ്ങൾ മുറിച്ചു മാറ്റണോ എന്നതു സംബന്ധിച്ച് തീരുമാനിക്കും.
എ.കെ.ശശീന്ദ്രൻ വനം മന്ത്രി