മുസ്‌ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതി: വീട് നിർമാണം ഏപ്രിൽ 9ന് തുടങ്ങും
Mail This Article
കോഴിക്കോട് ∙ മുസ്‌ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീട് നിർമാണം ഏപ്രിൽ 9ന് തുടങ്ങും. അന്ന് വൈകിട്ട് 3ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തും. മേപ്പാടിയിൽ കണ്ടെത്തിയ 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമിക്കുന്നത്. 105 കുടുംബങ്ങൾക്ക് 8 സെന്റിൽ 1000 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമാണം.
ഇരുനില നിർമിക്കാൻ ആവശ്യമായ ബലത്തിലായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഭവന നിർമാണ പദ്ധതിക്ക് കൽപറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫിസ് സംവിധാനവും സജ്ജീകരിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം അറിയിച്ചു.