തിരൂർ ജില്ലാ ആശുപത്രി: പഴയ കെട്ടിടം പൊളിച്ചു തുടങ്ങി

Mail This Article
തിരൂർ ∙ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിത്തുടങ്ങി. ഇവിടെ ആധുനിക മോർച്ചറിയും കന്റീനും നിർമിക്കും. തിരൂർ ജില്ലാ ആശുപത്രിയിൽ 3 വർഷം മുൻപ് കത്തിനശിച്ച ഓപ്പറേഷൻ തിയറ്ററിനോടു ചേർന്ന ബ്ലോക്കാണ് നിലവിൽ പൂർണമായി പൊളിച്ചു മാറ്റുന്നത്. 12 ലക്ഷം രൂപയ്ക്ക് ടെൻഡർ എടുത്ത കരാറുകാരനാണ് ഇതു പൊളിച്ചു നീക്കുന്നത്. ഇവിടെ ആധുനിക മോർച്ചറിയും കന്റീനും നിർമിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ബാക്കി സ്ഥലം ആശുപത്രിയുടെ പാർക്കിങ് ഏരിയയാക്കി മാറ്റുകയും ചെയ്യും.
ആശുപത്രിയിൽ പണി കഴിഞ്ഞു കിടക്കുന്ന 9 നില കെട്ടിടം അടുത്ത ഏപ്രിൽ മാസത്തോടെ തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് പറഞ്ഞു. മാർച്ച് മാസത്തോടെ ഈ കെട്ടിടത്തിനു ഫയർ എൻഒസിയും നമ്പറും ലഭിക്കും. നിലവിൽ ഇടുങ്ങിയ സ്ഥലത്തു പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഓങ്കോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്കു മാറ്റും. ഇതോടെ ഇവിടെ കൂടുതൽ രോഗികളെ പരിശോധിക്കാൻ കഴിയുമെന്നും നസീബ അസീസ് പറഞ്ഞു. പുതിയ കെട്ടിടത്തിലേക്കുള്ള കവാടത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. ഇവിടെ മുറ്റത്ത് ടൈൽ വിരിക്കുന്ന പണിയും ഉടൻ ആരംഭിക്കും.