കവളപ്പാറ പുനരധിവാസം 10 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മുസ്ലിം ലീഗ്

Mail This Article
എടക്കര ∙ കവളപ്പാറ ദുരന്തബാധിതർക്കു മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പോത്തുകല്ല് പൂളപ്പാടത്ത് ഒരുക്കിയ ബൈത്തുറഹ്മ വില്ലേജ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 10 വീടുകളാണു കൈമാറിയത്. കവളപ്പാറ ദുരന്തത്തിന്റെ ഭീതിജനകമായ കാഴ്ച ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നു സാദിഖലി തങ്ങൾ പറഞ്ഞു. ദുരന്തസ്ഥലത്തെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ അതു കണ്ടുപോകുകയല്ല ചെയ്തത്.
ഇവിടെയുള്ളവരുടെ ജീവിതം തിരിച്ചുപിടിക്കാൻ എന്തുചെയ്യാൻ സാധിക്കുമെന്നാണു ചിന്തിച്ചത്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോൾ ലീഗെന്നും തങ്ങൾ പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള തുടർചികിത്സാ പദ്ധതിക്കായി, പാലക്കുന്നൻ യൂസഫിന്റെ സ്മരണയ്ക്കു മകൻ അഷ്താഖ് സംഭാവന ചെയ്ത ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ്ഓഫും നിർവഹിച്ചു.
ബൈത്തുറഹ്മ വില്ലേജ് ഒരുക്കുന്നതിനു പ്രയത്നിച്ച, പൂളപ്പാടത്തെ മുസ്‌ലിം ലീഗ് നേതാവായിരുന്ന അന്തരിച്ച ഇ.പോക്കർ സാഹിബിനെ അനുസ്മരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ മുഖ്യസന്ദേശം നൽകി. സർക്കാർ സഹായം വൈകുന്ന സാഹചര്യത്തിലും മുസ്‍ലിം ലീഗിനു കാര്യക്ഷമമായി ഇടപെടാൻ സാധിക്കും. അതാണു വയനാട്ടിൽ കാണുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.വി.അബ്ദുൽ വഹാബ് എംപി, പി.അബ്ദുൽ ഹമീദ് എംഎൽഎ, യു.എ.ലത്തീഫ് എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാൻ രണ്ടത്താണി, സി.പി.ചെറിയ മുഹമ്മദ്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പി.വി.അൻവർ, ഇസ്മായിൽ മൂത്തേടം, വി.എം.ഉമ്മർ, ടി.പി.അഷ്റഫലി, അഷ്റഫ് കോക്കൂർ, സുഹറ മമ്പാട്, ജയന്തി രാജൻ, സി.എച്ച്.ഇഖ്ബാൽ, തുരുത്തേൽ രാജു, എം.എ.ജോസ്, കെ.ടി.കുഞ്ഞാൻ, റഷീദ് എളമ്പിലാശേരി, സലൂബ് ജലീൽ എന്നിവർ പ്രസംഗിച്ചു.
ബൈത്തുറഹ്മ ചടങ്ങിൽ പി.വി.അൻവർ
എടക്കര∙ മുസ്‌ലിം ലീഗിന്റെ ബൈത്തുറഹ്മ വില്ലേജ് ഉദ്ഘാടന വേദിയിൽ പി.വി.അൻവർ. മുസ്‌ലിം ലീഗും കെഎംസിസിയും സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചടങ്ങിൽ നേരത്തേയും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ബൈത്തുറഹ്മ പദ്ധതി തുടങ്ങിയ കാലംതൊട്ട് ആ വിഷയവുമായി സമീപിച്ചവർക്കു താൻ കഴിയുന്ന സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. പാണക്കാട് തങ്ങളും മുസ്‌ലിം ലീഗ് നേതൃത്വവും തീരുമാനിച്ചാൽ ഇനിയും 100 വീടുകൾ 6 മാസം കൊണ്ടു നിർമിച്ചുനൽകാൻ സാധിക്കും.
മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന്റെ പേരിൽ സർക്കാർ വൻ കൊള്ളയാണു നടത്തുന്നത്. വീട് വയ്ക്കുന്നതിലും ഭൂമി വാങ്ങുന്നതിലും അഴിമതിയുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്കാണു നിർമാണച്ചുമതല നൽകാൻ പോകുന്നത്. തൊഴിലാളികളുടെ പേരു പറഞ്ഞു പണം കൊള്ളയടിക്കുന്ന സൊസൈറ്റിയാണിത്. സിപിഎമ്മിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ഈ സൊസൈറ്റിയെന്നും അൻവർ പറഞ്ഞു. സൗഹാർദപരമായാണ് അൻവറിനെ ചടങ്ങിലേക്കു ക്ഷണിച്ചതെന്നു ലീഗ് നേതാക്കൾ പറഞ്ഞു.