ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ശുചിമുറി പൈപ്പ് പൊട്ടി ദുരിതം

Mail This Article
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ ശുചിമുറി മാലിന്യം ഒഴുകിപ്പോകുന്ന പൈപ്പ് പാെട്ടിയതു പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. യാത്രക്കാരും കച്ചവടക്കാരും ഓട്ടോറിക്ഷ തൊഴിലാളികളുമെല്ലാം ദുർഗന്ധം മൂലം പാെറുതിമുട്ടുകയാണ്. സ്റ്റേഷനു മുന്നിലെ ശുചിമുറികളിൽ നിന്നുള്ള മാലിന്യം സെപ്റ്റിക് ടാങ്കിലേക്കു പോകുന്ന പൈപ്പിലായിരുന്നു പാെട്ടൽ. കുഴിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. മലിനജലം പുറത്തേക്കൊഴുകി കുഴിയെടുത്ത ഭാഗത്തു കെട്ടി നിൽക്കുന്ന അവസ്ഥയാണ്. പൈപ്പ് പൊട്ടിയതിനു പിന്നാലെ മഴ ശക്തിപ്രാപിച്ചു പണികൾ നിർത്തിവയ്ക്കുക കൂടി ചെയ്തതോടെ ദുരിതം ഇരട്ടിയായി.
നവീകരണ പദ്ധതികളുടെ ഭാഗമായി പ്രവേശനകവാടത്തിനു സമീപം പാതയോടു ചേർന്നായിരുന്നു നിർമാണ പ്രവർത്തനങ്ങൾ. മഴ കുറഞ്ഞതോടെ ഇന്നലെ പാെട്ടിയ പൈപ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരകളുടെ വിപുലീകരണം പുരോഗമിക്കുകയാണ്. പ്രവേശന കവാടത്തിന്റെയും നടപ്പാതകളുടെയും നവീകരണവും പാർക്കിങ് കേന്ദ്രം വിപുലീകരണവും പദ്ധതിയിൽ ഉൾപ്പെടും. 7.58 കോടി രൂപ ചെലവഴിച്ചാണു പദ്ധതി.