ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് വിപുലീകരിക്കുന്നു

Mail This Article
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് കേന്ദ്രം വിപുലീകരിക്കുന്നു. നിലവിലുള്ള പാർക്കിങ് കേന്ദ്രത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു പുറമേ, സ്റ്റേഷനു മുന്നിലെ ഭൂമിയിൽ കൂടി വാഹനങ്ങൾ നിർത്തിയിടാനുള്ള ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണിതെന്നു റെയിൽവേ അറിയിച്ചു. സ്റ്റേഷനു കിഴക്കുഭാഗത്തു നിലവിലെ പാർക്കിങ് കേന്ദ്രത്തിൽ തണൽമരങ്ങൾ ഉൾപ്പെടെ മുറിച്ചു നീക്കിയാണു നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇവിടെ ജീവനക്കാരുടെയും യാത്രക്കാരുടെയും വാഹനങ്ങൾ നിർത്തിയിടുന്നതിനു പ്രത്യേകം ക്രമീകരണങ്ങൾ ഉണ്ടാകും. മേൽക്കൂരയും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
സ്റ്റേഷനു മുന്നിൽ റോഡിനോടു ചേർന്ന് ഒഴിഞ്ഞു കിടന്നിരുന്ന റെയിൽവേ ഭൂമി യന്ത്രസഹായത്തോടെ നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്. ഇരു കേന്ദ്രങ്ങളും സജ്ജമാകുന്നതോടെ സ്റ്റേഷനിൽ കാലങ്ങളായി നിലനിന്നിരുന്ന പാർക്കിങ് പ്രശ്നത്തിനു പരിഹാരമാകും. പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യമായ ലൈറ്റുകളും ക്രമീകരിക്കും. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരകളുടെ വിപുലീകരണം, കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, പ്രവേശന കവാടത്തിന്റെയും നടപ്പാതകളുടെയും നവീകരണം, വിശ്രമകേന്ദ്രങ്ങൾ, ആവശ്യമായ ഇലക്ട്രിക്കൽ ജോലികൾ, മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നിവയും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നുണ്ട്. ആകെ 7.58 കോടി രൂപ ചെലവഴിച്ചാണു സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
താൽക്കാലിക സൗകര്യം
ഒറ്റപ്പാലം∙ നിലവിലെ പാർക്കിങ് കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതു പരിഗണിച്ചു സ്റ്റേഷന്റെ കിഴക്കു ഭാഗത്തു മെറ്റൽ യാർഡിനോടു ചേർന്നു വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യം ഒരുക്കി. ഇരുചക്ര വാഹനങ്ങൾക്കു പുറമേ കാറുകൾ കൂടി നിർത്തിയിടാൻ ഇവിടെ സൗകര്യമുണ്ട്.