ADVERTISEMENT

വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കരുതെന്ന ആവശ്യത്തില്‍ ഉറച്ച് സംയുക്ത സമരസമിതി. പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള തീരുമാനം സംബന്ധിച്ച മന്ത്രിതല ചർച്ച അടുത്ത 9ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ ഹാളിൽ നടക്കാനിരിക്കെയാണ് പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര എന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ എന്നിവയുടെ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. 340 രൂപയാണ് പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഒരു മാസം ടോൾ നൽകേണ്ടത്. ഈ തുകയില്‍ ചെറിയ മാറ്റം വരുത്തി ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നുമാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ എം.ബി. രാജേഷ്, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്ത് പ്രസിഡന്റുമാർ, തൃശൂർ, പാലക്കാട് ജില്ലാ കലക്ടർമാർ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുന്നത്. ടോള്‍ പ്ലാസ നിലവില്‍ വന്ന 2022 മാര്‍ച്ച് 9 മുതല്‍ പ്രദേശവാസികള്‍ക്കായി ശക്തമായ സമരം നടത്തിയ സംഘടനകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പ്രദേശവാസികള്‍ ചുരുങ്ങിയ വിലയ്ക്ക് സ്ഥലം വിട്ടുനല്‍കിയവരാണെന്നും അവരെ അവഗണിക്കുന്ന നിലപാടുണ്ടായാല്‍ സമരം ശക്തമാക്കുമെന്നും സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com