പന്നിയങ്കരയിൽ നാളെമുതൽ പ്രദേശവാസികൾക്കും ടോൾ
Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കു ടോൾ നൽകണം. ടോൾ നൽകാതെ വാഹനങ്ങൾ കടത്തിവിടില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കി. 2022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചതു മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾ സൗജന്യമായാണു കടത്തിവിടുന്നതെന്നും ഇതിനു നിയമപരിരക്ഷ ഒന്നുമില്ലെന്നും ടോൾ കമ്പനി അറിയിച്ചു. അതേസമയം, പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ടോൾ പ്ലാസയ്ക്കു മുൻപിൽ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കി.
നാട്ടുകാരുടെ നേതൃത്വത്തിൽ ടോൾ പ്ലാസ വളഞ്ഞു. ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പു നൽകി. എല്ലാ കാര്യങ്ങൾക്കും വടക്കഞ്ചേരി പട്ടണത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ടോൾ നൽകി യാത്രചെയ്യാനാകില്ലെന്നും തുച്ഛമായ വില വാങ്ങിയാണു പ്രദേശവാസികൾ ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകിയതെന്നും നാട്ടുകാർ പറഞ്ഞു. അന്നു പറഞ്ഞ വാഗ്ദാനങ്ങളിൽ നിന്നു പിൻമാറിയാൽ സമരം ശക്തമാക്കും. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണു സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഇതു നിർത്തലാക്കാൻ അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
ഇന്നു സമര പരമ്പര
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു സമര പരമ്പര. ഇന്നു രാവിലെ 11ന് കേരള കോൺഗ്രസ് എം ടോൾ പ്ലാസയിലേക്കു പ്രതിഷേധ മാർച്ച് നടത്തും. ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് കോൺഗ്രസ് വടക്കഞ്ചേരി, ആലത്തൂർ, പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈകിട്ടു 4.30ന് ബിജെപി വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയ്ക്കു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തും. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9ന് പന്നിയങ്കര ടോൾ പ്ലാസയിലേക്കു മാർച്ചും തുടർന്ന് ഉപരോധവും നടത്തും. വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സ്കൂൾ ബസ് അസോസിയേഷൻ എന്നീ സംഘടനകൾ നാളെ രാവിലെ ടോൾ പ്ലാസ ഉപരോധിക്കും.