പന്നിയങ്കര: പ്രദേശവാസികൾക്ക് തൽക്കാലം ടോൾ ഇല്ല; അന്തിമ തീരുമാനം മാർച്ച് 15ന് മുൻപ്

Mail This Article
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കില്ല. കെ.രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. മാർച്ച് 15നുള്ളിൽ പ്രദേശവാസികളുടെ ടോൾ പിരിവു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനായി മന്ത്രി കെ.രാജൻ, എംപി, തരൂർ, ആലത്തൂർ എംഎൽഎമാർ, പാലക്കാട് ജില്ലാ കലക്ടർ, എൻഎച്ച്എഐ പ്രതിനിധി, ടോൾ കമ്പനി പ്രതിനിധി എന്നിവർ ചർച്ച നടത്തും. ഇവർ കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനം സമര സമിതികളെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും അറിയിക്കും. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.
2022 മാർച്ച് മാസം മുതൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യയാത്ര അനുവദിച്ചതാണ്. അന്നത്തെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ മന്ത്രിമാർ ഉൾപ്പെട്ട സമിതിയുടെ തീരുമാനമായിരുന്നു വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണം എന്നുള്ളത്. എന്നാൽ ടോൾ കമ്പനി വിവിധ സമയങ്ങളിൽ തീരുമാനം ലംഘിച്ചു ടോൾ പിരിക്കാൻ ശ്രമം നടത്തി. എന്നാൽ ജനങ്ങൾ ശക്തമായ സമരവുമായി രംഗത്തു വന്നതിനാൽ പിരിവു നടന്നില്ല. ഇതിനിടെ 5 കിലോമീറ്റർ പരിധിയിലുള്ള പ്രദേശവാസികൾക്കു സൗജന്യം നൽകാമെന്നു ടോൾ കമ്പനി അറിയിച്ചു. എന്നാൽ 6 പഞ്ചായത്തിലുള്ളവരുടെ സൗജന്യം തുടരണമെന്ന ശക്തമായ നിലപാട് സംയുക്ത സമര സമിതി സ്വീകരിച്ചു. തുടർന്നാണ് കമ്പനിയുടെ ആവശ്യപ്രകാരം എംപി സർവകക്ഷി യോഗം വിളിച്ചത്.
തൽസ്ഥിതി തുടരണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ ബസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാൻ ടോൾ അധികൃതർ തയാറായില്ല. ഇതോടെയാണ് അടുത്ത മാസം 15 നുള്ളിൽ അന്തിമ തീരുമാനം എടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്. കൂടാതെ നാലു ചക്ര ഓട്ടോറിക്ഷയെ ടോളിൽ നിന്ന് ഒഴിവാക്കാനും സ്കൂൾ വാഹനങ്ങൾക്കു ടോൾ കമ്പനി അയച്ച വക്കീൽ നോട്ടിസ് പിൻവലിക്കാനും ധാരണയായി.
ടോൾ പ്ലാസ വഴി സൗജന്യമായി കടന്നു പോയ സ്കൂൾ വാഹനങ്ങൾക്കാണ് അനധികൃതമായി ടോൾ കടന്നതിനു പിഴ അടക്കാൻ ആവശ്യപ്പെട്ടത്. 60,000 രൂപ മുതൽ 4 ലക്ഷം രൂപ വരെയാണു പലർക്കും പിഴ വന്നിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്നും സർവ കക്ഷി യോഗം നിർദേശിച്ചു. യോഗത്തിൽ പി.പി.സുമോദ് എംഎൽഎ, കെ.ഡി.പ്രസേനൻ എംഎൽഎ, ജില്ലാ കലക്ടർ ജി.പ്രിയങ്ക, ആലത്തൂർ ഡിവൈഎസ്പി എൽ.മുരളീധരൻ, വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി.ബെന്നി, ദേശീയപാത അതോറിറ്റി പ്രതിനിധി, ടോൾ കമ്പനി പ്രതിനിധി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സമരസമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.