താപനില കൂടുന്നു, ഉഷ്ണം ഒന്നര ഡിഗ്രി കൂടി; വരും ദിവസങ്ങളിൽ വടക്കൻ മേഖലയിൽ ചൂടു കൂടും

Mail This Article
പാലക്കാട് ∙ നഗരങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഒന്നര ഡിഗ്രി കൂടുതലാണെന്നു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. വരും ദിവസം പാലക്കാട് ഉൾപ്പെടെ വടക്കൻ മേഖലയിൽ ചൂടു കൂടുമെന്നാണു സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനമാണു യെലോ അലെർട്ട് പ്രഖ്യാപിച്ചത്. ഇത്തവണ ആ ദിവസം ചില സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ഉഷ്ണതരംഗ മുന്നറിയിപ്പു നൽകേണ്ടി വന്നു. കഴിഞ്ഞ മാസം ഒടുവിൽ അടുത്തടുത്ത ദിവസങ്ങളിൽ കണ്ണൂർ എയർപോർട്ട് പരിസരത്ത് 40.4, 40.3 ഡിഗ്രി ചൂടു രേഖപ്പെടുത്തിയതാണു നടപടിക്കു കാരണം.
കാസർകോട്ടെ ചില പ്രദേശങ്ങളിലും സമാന താപനില ഉണ്ടായി. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനമാണു കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി) പാലക്കാട്ട് ഉഷ്ണതരംഗം ആദ്യമായി സ്ഥിരീകരിച്ചത്. ഒരാഴ്ചയിലധികം അത് അനുഭവപ്പെട്ടു. ഈ വർഷം ഫെബ്രുവരി അവസാനം തന്നെ കൊച്ചി, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കൊല്ലം, കാസർകോട്, മലപ്പുറം, നിലമ്പൂർ, തലശ്ശേരി തുടങ്ങിയ ടൗണുകളിൽ ഉഷ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഒന്നര ഡിഗ്രി കൂടുതലായിരുന്നു. ചിലയിടത്ത് രണ്ടു ഡിഗ്രി കടന്നു. പൊതുവേ ഉഷ്ണതീവ്രത കൂടുതലുണ്ടാകുന്ന പാലക്കാട് ഇന്നലെ 38.4 ഡിഗ്രിയായിരുന്നു താപനില.
ഭൂമിയുടെ ചൂടു കൂടിയാകുമ്പോൾ അതു ശരാശരി 42 ഡിഗ്രിയായി അനുഭവപ്പെടും. കഴിഞ്ഞ വർഷം 37 ആയിരുന്നു അന്തരീക്ഷ ചൂട്. പച്ചപ്പും ജലാശയങ്ങളും ഇല്ലാതാകുന്നതും വൻതോതിലുള്ള നിർമാണങ്ങളുമാണു നഗരങ്ങളിലെ ഉഷ്ണവർധനയ്ക്കു പ്രധാന കാരണമെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, വികസനത്തിൽ നിർമാണങ്ങൾ ഒഴിവാക്കാനുമാകില്ല. സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത്, പ്രത്യേകിച്ച് തീരപ്രദേശം കേന്ദ്രീകരിച്ച് ഒറ്റമഴ ലഭിക്കുന്നതിനാൽ മേഖലയിൽ ഉഷ്ണം കുറവാണ്. ഈ വർഷത്തെ ഉഷ്ണം സംബന്ധിച്ച ഐഎംഡിയുടെ റിപ്പോർട്ടിൽ ദക്ഷിണേന്ത്യയിൽ ആന്ധ്ര, തെലങ്കാന, കർണാടക മേഖലകളിൽ കാര്യമായ ഉഷ്ണതരംഗം പ്രവചിച്ചിട്ടുണ്ട്. അതിന്റെ ആഘാതം കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടാകാതിരിക്കില്ലെന്നു കൊച്ചി സർവകലാശാല റഡാർ റിസർച് കേന്ദ്രം ശാസ്ത്രജ്ഞർ പറഞ്ഞു.