നയനയുടെ മരണം: നേരിട്ടു മൊഴിയെടുപ്പ് ശനി മുതൽ; സാക്ഷികൾക്കും ആദ്യ സംഘത്തിലെ പൊലീസുകാർക്കും നോട്ടിസ്

Mail This Article
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ശനിയാഴ്ച മുതൽ നേരിട്ടുള്ള മൊഴിയെടുപ്പ് ആരംഭിക്കും. ഇതിനായി സാക്ഷികൾക്കും കേസ് ആദ്യം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന പൊലീസുകാർക്കും ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം നോട്ടിസ് നൽകിത്തുടങ്ങി.
പുരുഷന്മാരെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിട്ട് ചെന്നു കണ്ടും മൊഴിയെടുക്കും. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധനാ ലബോറട്ടറിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ സാംപിളുകളാണ് ഇവിടെ പരിശോധിച്ചത്. പൊലീസ് നേരിട്ട് സാംപിളുകൾ നൽകിയിട്ടില്ല.
മരണം നടന്ന സ്ഥലത്തു ഫൊറൻസിക് പരിശോധന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാൽ, കൊലപാതക സാധ്യതയെക്കുറിച്ച് ആദ്യ അന്വേഷണ സംഘം കൂടുതൽ അന്വേഷിക്കാത്തതിനാൽ വിശദമായ പരിശോധന നടന്നിട്ടില്ലെന്നു സൂചനയുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഫൊറൻസിക് അധികൃതരിൽ നിന്നു ശേഖരിക്കും. ആദ്യഘട്ട വിവരശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയുടെ വാടകവീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി അയൽക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.