ഉരുണ്ടുകൂടിയ ടാർ നീക്കി കരാർ കമ്പനി, അറ്റകുറ്റപ്പണികൾ നടത്തി ദേശീയപാത യാത്രാ യോഗ്യമാക്കി

Mail This Article
കൊരട്ടി ∙ ദേശീയപാതയിൽ ടാർ ഉരുണ്ടുകൂടിയ ഭാഗത്ത് കരാർ കമ്പനി അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും ടാർ ചെയ്ത് ഗതാഗത തടസ്സമൊഴിവാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പഴകിയ ടാറിങ് പൊളിച്ചു നീക്കി ടാറിങ് നടത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന ട്രാക്കിൽ 2 മാസം മുൻപാണ് ടാർ ഉരുണ്ടുകൂടിയത്. ഇതേ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങിയതോടെ ട്രാഫിക് കോണുകൾ സ്ഥാപിച്ച് ഇതിനു മുകളിലൂടെ വാഹനങ്ങൾ കയറുന്നത് തടഞ്ഞിട്ടിരിക്കുകയായിരുന്നു.
ചിറങ്ങര,പെരുമ്പി ജംക്‌ഷനുകളിൽ ഇടയ്ക്കിടെ വാഹനാപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ പരിഹാരം കാണാത്തതിനെതിരെ നാട്ടുകാർ ഇവിടെ സമരം നടത്തിവരികയാണ്. അടുത്തിടെ ജയൻ ജോസഫ് പട്ടത്തിന്റെ നേതൃത്വത്തിൽ ടാർ ഉരുണ്ടുകൂടിയ ഭാഗത്ത് പ്രതീകാത്മക ശവമഞ്ചം വച്ച് നടത്തിയ സമരം ശ്രദ്ധേയമായിരുന്നു.
അതേസമയം,പെരുമ്പിയടക്കമുള്ള ഭാഗങ്ങളിൽ റോഡിൽ ടാറിങ് ഇടിഞ്ഞത് പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ വൈകുകയാണ്. പലയിടത്തും റോഡ് കുഴിഞ്ഞു പോയതിനെ തുടർന്ന് ഇരുചക്ര വാഹനയാത്രികർ അപകട ഭീഷണി നേരിട്ടാണ് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നത്.