കൊടുങ്ങല്ലൂർ ഭരണി: പാർക്കിങ്ങിന് രൂപരേഖയായില്ല; നഗരം ഗതാഗതക്കുരുക്കിലാകും

Mail This Article
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഭരണി ആഘോഷത്തിനു നഗരം ഒരുങ്ങി. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരെയും അവരുടെ വാഹനങ്ങളെയും ഉൾക്കൊള്ളാൻ പട്ടണത്തിൽ സൗകര്യമില്ലാത്തതു ദുരിതമാകും. ആയിരക്കണക്കിനു വാഹനങ്ങൾക്കു സൗകര്യം ഒരുക്കുന്നതും ഗതാഗത ക്രമീകരണവും മുൻപില്ലാത്ത വിധം അധികൃതർക്കു ദുരിതമാകും. കോഴിക്കല്ല് മൂടുന്ന 25 മുതൽ ഏപ്രിൽ ഒന്ന് ഭരണി വരെ വടക്കൻ ജില്ലകളിൽ നിന്നും പാലക്കാട്, തമിഴ്നാട്ടിലെ കോവൈ ജില്ലകളിൽ നിന്നുള്ള ഭക്തർ ഒഴുകിയെത്തുക. ദിവസങ്ങളോളം പാർക്കിങ് സൗകര്യം ഒരുക്കുക എന്നതു ദുഷ്കരമാകും.
ദേശീയപാത 66 നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ബൈപാസ് സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. മുൻ വർഷങ്ങളിൽ സർവീസ് റോഡിൽ പാർക്കിങ് നടത്താറുണ്ട്. ശ്രീനാരായണപുരം പഞ്ചായത്തിലെ ആല– പൊരിബസാർ മുതൽ എറണാകുളം – തൃശൂർ ജില്ലാ അതിർത്തിയായ കോട്ടപ്പുറം വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാറുണ്ട്. റോഡ് നിർമാണത്തിനും കലുങ്ക് നിർമാണത്തിനും ആയി പലയിടത്തും റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. ഒരു കാർ പോലും പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കില്ല. അഞ്ചാംപരത്തി മേൽപാലം മുതൽ കൊടുങ്ങല്ലൂർ ടൗൺ ഹാൾ വരെ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്.
റോഡ് നിർമാണം അന്തിമ ഘട്ടത്തിലേക്കു പ്രവേശിച്ചതിനാൽ നിർമാണ സാമഗ്രികൾ എല്ലാം റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ വച്ചു പൂർത്തിയാക്കിയ കോൺക്രീറ്റ് ബീമുകളും മേൽപാത ഭിത്തിയും പലയിടത്തും റോഡിലാണ്. മുൻപ് യാത്രയ്ക്കായി പൊതു ഗതാഗതമാണ് ഭരണി തീർഥാടകർ ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വന്തം വാഹനങ്ങളിലാണ് ഭരണി തീർഥാടകർ എത്തുന്നത്. ടൂറിസ്റ്റ് ബസുകളിലും മറ്റു വാഹനങ്ങളിലും എത്തുന്നവർ പട്ടണത്തിൽ പലയിടങ്ങളിലായി നിർത്തിയിടാറുണ്ട്. ഭരണി ആഘോഷവുമായി ബന്ധപ്പെട്ടു ദേവസ്വം, റവന്യു വകുപ്പ്, പൊലീസ് വിപുലമായ സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പാർക്കിങ് സംബന്ധിച്ചു രൂപരേഖ തയാറാക്കിയിട്ടില്ല. ഇതു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നു ഭക്തർ സംഘടനകൾ ചൂണ്ടിക്കാട്ടി.
റോഡിൽ കുഴിയെടുക്കൽ മുന്നറിയിപ്പില്ലാതെ
മുന്നറിയിപ്പ് ഇല്ലാതെ റോഡിൽ കുഴിയെടുക്കൽ തുടരുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം പടാകുളം ജംക്‌ഷനിൽ കുഴിയെടുത്തത് മുന്നറിയിപ്പ് ഇല്ലാതെ ആണ്. പടാകുളം സിഗ്‌നൽ ജംക്‌ഷനിൽ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി റോഡ് കുറുകെ കുഴിച്ചിരുന്നു. പടാകുളം വഴി അഴീക്കോട് ഭാഗത്തേക്കുള്ള ബസ് സർവീസ് രാവിലെ പോകുമ്പോൾ തടസ്സം ഉണ്ടായില്ല. അഴീക്കോട് നിന്നു കൊടുങ്ങല്ലൂരിലേക്ക് സർവീസ് എത്തിയപ്പോഴാണ് റോഡ് കുറുകെ കുഴിയെടുത്ത വിവരം അറിയുന്നത്. ഒടുവിൽ സർവീസ് അവിടെ നിർത്തി. ഇതോടെ യാത്രക്കാർ എല്ലാം വഴിയിൽ ഇറങ്ങേണ്ടി വന്നു. റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തണമെന്നു കരാർ കമ്പനിക്ക് നിർദേശം ഉണ്ടെങ്കിലും പലയിടത്തും അതു നടപ്പാകുന്നില്ല. വൻ അപകട സാധ്യതയും ഉണ്ടാകുമെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.