ഡ്രോൺ ജോലിയും തരും; നിർമാണം, സോഫ്റ്റ്‍വെയർ വികസനം തുടങ്ങി പറത്തൽ വരെ, സാധ്യതകൾ ഇങ്ങനെ...
Mail This Article
ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി ഡൽഹിയിൽ നടന്ന ബീറ്റിങ് റിട്രീറ്റിന്റെ മുഖ്യ ആകർഷണം പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ആയിരം ഡ്രോണുകളും അനുബന്ധ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഡ്രോൺ ലൈറ്റ് ഷോ ആയിരുന്നു. ഐഐടി ഡൽഹിയിൽ ഡ്രോണുകളിൽ സ്പെഷലൈസ് ചെയ്യുന്ന ബോട്ട്ലാബ് ഡൈനമിക്സിലെ 45 പേരടങ്ങിയ ടീമിന്റെ പ്രയത്നം. വരുന്ന സ്വാതന്ത്ര്യദിനത്തിൽ 7500 ഡ്രോണുകളുമായി ലോകത്തെ ഏറ്റവും വലിയ ഡ്രോൺ ഷോ നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഡ്രോൺ ക്യാമറകൾ നാട്ടിൽ സാധാരണ കാഴ്ചയാണ്. എന്നാൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതു മുതൽ കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കുന്നതു വരെയുള്ള ജോലികൾക്കും ഡ്രോൺ ഉപയോഗിക്കാമെന്നായിക്കഴിഞ്ഞു. കേന്ദ്ര ബജറ്റിൽ ‘കിസാൻ ഡ്രോൺ’ പ്രഖ്യാപനം വന്നു. ഡ്രോൺ പറത്തലുമായി ബന്ധപ്പെട്ട നിയമങ്ങളും കേന്ദ്രം ഈയിടെ ഉദാരമാക്കി.
ഡ്രോണിലെ കരിയർ ?
ഡ്രോൺ നിർമാണം, സോഫ്റ്റ്‍വെയർ വികസനം തുടങ്ങി അതിന്റെ പറത്തൽ വരെ വലിയൊരു മേഖലയാണു തുറന്നിരിക്കുന്നത്. ആമസോണിനു പല രാജ്യങ്ങളിലും ഡ്രോൺ വഴി വീടുകളിലേക്കു നേരിട്ടു ഡെലിവറിക്കു ‘പ്രൈം എയർ’ എന്ന വിഭാഗമുണ്ട്. കഴിഞ്ഞദിവസം യുഎസിലെ ടെക്സസിൽ മാത്രം 161 ജോബ് റോളുകളിലേക്കാണ് ആമസോൺ റിക്രൂട്മെന്റ് തുടങ്ങിയത്. ഡ്രോൺ പൈലറ്റിനു പുറമേ സിസ്റ്റംസ് എൻജിനീയർ, ഹാർഡ്‍വെയർ ഡവലപ്മെന്റ് എൻജിനീയർ, സോഫ്റ്റ്‍വെയർ ഡവലപ്മെന്റ് എൻജിനീയർ, മെയിന്റനൻസ് ടെക്, റിസർച് സയന്റിസ്റ്റ് അടക്കമുള്ളവയാണ് തൊഴിലവസരങ്ങൾ. ഇന്ത്യയിലേത് അടക്കമുള്ള പ്രതിരോധ മന്ത്രാലയങ്ങൾക്കും ഈ രംഗത്തു തുറന്ന മനസ്സാണെന്നു ഡ്രോൺ സ്റ്റാർട്ടപ്പുകൾ ചൂണ്ടിക്കാട്ടുന്നു.
ഡ്രോൺ ലൈറ്റ് ഷോകൾക്കു വിനോദ വ്യവസായ മേഖലയിൽ വലിയ സാധ്യതയാണു വരാനിരിക്കുന്നത്. വിവിധ ഡ്രോൺ ലൈറ്റ് ഷോ വിന്യാസങ്ങൾക്കുള്ള അനിമേഷൻ തയാറാക്കാൻ മാത്രം 5 ഡിസൈനർമാരാണു ബോട്ട്ലാബിലുള്ളത്. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകളുമുണ്ട്. കൊച്ചി മേക്കർ വില്ലേജിലെ ‘ഐറോവ്’ എന്ന സ്റ്റാർട്ടപ് നിർമിക്കുന്ന അണ്ടർവാട്ടർ ഡ്രോണുകൾ അണക്കെട്ട്, പാലങ്ങൾ, കടലിലെ എണ്ണച്ചോർച്ച, ആഴക്കടലിലെ പൈപ്‌ലൈനുകൾ എന്നിവ നിരീക്ഷിക്കാനടക്കം ഉപയോഗിക്കുന്നു.
പറത്താനും പഠിക്കണം
കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ചട്ടമനുസരിച്ച് 250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകൾ പറത്തണമെങ്കിൽ വ്യോമയാന വകുപ്പ് ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) അംഗീകാരമുള്ള റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. വ്യോമയാന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിലടക്കം (IGRUA-Drone Destination) 5 ദിവസത്തെ കോഴ്സ് ലഭ്യമാണ്. എയ്റോഡൈനമിക് തത്വങ്ങൾ, കാലാവസ്ഥ, റേഡിയോ ടെലിഫോണി, ഡ്രോൺ ചട്ടങ്ങൾ എന്നിവയൊക്കെയാണ് ഇത്തരം കോഴ്സുകളിൽ പഠിക്കേണ്ടത്. ഇതിനു പുറമേ കോഴ്സ്റ പോലെയുള്ള ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുകളിലും ധാരാളം ഓൺലൈൻ ഡ്രോൺ കോഴ്സുകളും ലഭ്യമാണ്.
വിദൂര മേഖലകളിൽ മരുന്നു വിതരണം മുതൽ പീത്‍സ ഡെലിവറി വരെ ഡ്രോൺ വഴി ഉടൻ പ്രതീക്ഷിക്കാം. വിവാഹവീടുകളിൽ വരെ ഡ്രോൺ ഷോകൾ ഉടനെത്താം. വിനോദ വ്യവസായം
കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാധ്യത പ്രതിരോധമേഖലയിലായിരിക്കും.
– പ്രഫ. വി.രാംഗോപാൽ റാവു, ഡയറക്ടർ, ഐഐടി ഡൽഹി
ഡ്രോൺ നിയമങ്ങൾ ഉദാരമാക്കിയശേഷം വിവിധ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പുകൾക്കു പ്രതിരോധമേഖലയിൽ നിന്നടക്കം ലഭിച്ചത് ഏകദേശം 500 കോടി രൂപയുടെ കരാറുകളാണ്. ഡ്രോൺ നിർമാണം, സേവനം, ട്രെയിനിങ് മേഖലകളിൽ അവസരങ്ങളേറും. ഡ്രോൺ സേവനമായി നൽകുന്ന ‘ഡ്രോൺ ആസ് എ സർവീസ്’ (DaaS) മേഖലയും ശക്തിപ്പെടും.
- സ്മിത് ഷാ, പ്രസിഡന്റ്, ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ
Content Summary : Career Guru - How and where to find work as a drone pilot or industry professional