ADVERTISEMENT

ന്യൂഡൽഹി ∙ യുജിസിയുടെ ധനസഹായം ലഭിക്കാൻ കോളജുകൾക്ക് നാക്, എൻബിഎ അക്രഡിറ്റേഷനോ എൻഐആർഎഫ് റാങ്കിങ്ങോ ഉണ്ടായിരിക്കണമെന്നു വ്യവസ്ഥ വരുന്നു. അനുവദിച്ചിരിക്കുന്ന അധ്യാപക തസ്തികകളിൽ 75 ശതമാനത്തിലെങ്കിലും കേന്ദ്ര–സംസ്ഥാന സർക്കാർ നിശ്ചയിച്ച ശമ്പളം നൽകിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കോളജുകൾക്കു ഗ്രാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യുജിസി പുറത്തിറക്കിയ കരടു മാനദണ്ഡങ്ങളിലാണ് ഈ വ്യവസ്ഥകൾ.

ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു 1975ൽ പുറത്തിറക്കിയ വ്യവസ്ഥകൾക്കു പകരമാകും പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുക. അപേക്ഷാ രീതികളെല്ലാം പൂർണമായും ഓൺലൈൻ വഴിയാക്കുമെന്നും മാനദണ്ഡത്തിൽ പറയുന്നു. നിർദേശങ്ങളിൽ ഫെബ്രുവരി 4 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഇമെയിൽ: suggestions.collegeregulation@gmail.com

മാനദണ്ഡങ്ങൾ  ഇങ്ങനെ
∙ നാക് അക്രഡിറ്റേഷൻ ഉണ്ടാകണം. നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ പരിധിയിലാണെങ്കിൽ മൂന്നിലേറെ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ 60% കോഴ്സുകൾക്കെങ്കിലും അക്രഡിറ്റേഷനുണ്ടാകണം. മൂന്നോ അതിൽ താഴെയോ എങ്കിൽ എല്ലാ കോഴ്സുകൾക്കും ഇതു വേണം.

∙ യുജിസി മാനദണ്ഡമോ, സംസ്ഥാന സർക്കാർ വ്യവസ്ഥകളോ അനുസരിച്ചുള്ള ശമ്പള വ്യവസ്ഥകളും കേന്ദ്രസർക്കാരിന്റെ സംവരണ വ്യവസ്ഥകളും പാലിക്കണം.

∙ എൻഐആർഎഫ് നിർബന്ധം. 5 തവണ റാങ്കിങ്ങിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ 3 തവണയെങ്കിലും പട്ടികയിൽ വന്നിരിക്കണം. 3 പ്രാവശ്യമെങ്കിൽ 2 തവണയെങ്കിലും പട്ടികയിൽ ഉൾപ്പെട്ടിരിക്കണം (റാങ്കിങ്ങിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും പട്ടികയിൽ വരാറില്ല. ഏറ്റവും മികച്ച സ്ഥാപനങ്ങളെ മാത്രമാണു റാങ്കിങ്ങിൽ ഉൾപ്പെടുത്തുന്നത്)

∙ സ്ഥാപനങ്ങളുടെ വികസനം സംബന്ധിച്ചു പദ്ധതി തയാറാക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഡവലപ്മെന്റ് പ്ലാനിലെ പദ്ധതികൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയിരിക്കണം.

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളോ സർവകലാശാലകളോ നിർദേശിക്കുന്ന ഫീസുകൾ മാത്രമേ വിദ്യാർഥികളിൽനിന്ന് ഈടാക്കാവൂ.

നാക് അക്രഡിറ്റേഷനുള്ളത് 9497 കോളജുകൾക്ക്
2023 സെപ്റ്റംബർ 30ലെ കണക്കനുസരിച്ചു രാജ്യത്തെ ബിരുദം അനുവദിക്കാൻ സാധിക്കുന്ന 1219 സ്ഥാപനങ്ങളിൽ 447 എണ്ണത്തിനാണു നാക് അക്രഡിറ്റേഷനുള്ളത് (36.67%). ആകെയുള്ള 43796 കോളജുകളിൽ 9497 എണ്ണത്തിന് അക്രഡിറ്റേഷനുണ്ട്. 55 കേന്ദ്ര സർവകലാശാലകളിൽ 43 എണ്ണത്തിനും. രാജ്യത്തെ 70 ഡെന്റൽ കോളജുകൾ, 26 ആരോഗ്യ സർവകലാശാലകൾ, 24 മെഡിക്കൽ കോളജുകൾ എന്നിവർക്കും നാക് അക്രഡിറ്റേഷനുണ്ട്.

Content Summary:

Major Shift in College Funding: UGC Draft Norms Demand NAAC, NBA Accreditation and NIRF Rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com