നാക് അക്രഡിറ്റേഷൻ രീതിയിൽ മാറ്റം; ബൈനറി, എംബിജിഎൽ ഗ്രേഡിങ് വരുന്നു
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പഴയ രീതിയിലുള്ള അക്രഡിറ്റേഷന് അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. പുതിയ രീതിയിലുള്ള ബൈനറി അക്രഡിറ്റേഷൻ രീതി കഴിഞ്ഞ മാസം അവതരിപ്പിക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും അൽപം കൂടി വൈകുമെന്നാണ് വിവരം.
എ++, എ+, എ തുടങ്ങി ഡി വരെ ഗ്രേഡിങ്ങിലൂടെ അക്രഡിറ്റേഷൻ നൽകുന്നതിനു പകരം 2 തരം അക്രഡിറ്റേഷനാണ് ഇനി നടപ്പാക്കുക. സ്ഥാപനങ്ങളെ അക്രഡിറ്റേഷൻ ഉള്ളവയും ഇല്ലാത്തവയും എന്നു മാത്രമാക്കുന്നതാണു ൈബനറി രീതി. സ്ഥാപനങ്ങൾക്ക് നിലവാരം ഉയർത്താൻ ലവൽ 1 മുതൽ ലവൽ 5 വരെ ഗ്രേഡിങ് അനുവദിക്കുന്ന മച്യൂരിറ്റി ബേസ്ഡ് ഗ്രേഡഡ് ലവൽസ് (എംബിജിഎൽ) ആണു രണ്ടാമത്തെ രീതി.ബൈനറി അക്രഡിറ്റേഷൻ 2 മാസത്തിനുള്ളിൽ നടപ്പാക്കുമെന്നാണു വിവരം. എംബിജിഎൽ ഡിസംബറോടെ പ്രാബല്യത്തിലാക്കുകയാണു ലക്ഷ്യം.
രണ്ടായിരത്തോളം അപേക്ഷകളാണു നാക് പരിഗണനയിലുള്ളത്. ഇതിൽ 30 സ്ഥാപനങ്ങൾ ബൈനറി രീതിയിലേക്കു മാറുന്നതായി ഇതുവരെ അറിയിച്ചുണ്ട്. നിലവിലെ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾക്കെതിരെ വിമർശനം ഉയർന്നതോടെയാണ് പുതിയ രീതി നടപ്പാക്കാൻ തീരുമാനിച്ചത്. നിലവിലുള്ള അക്രഡിറ്റേഷന്റെ കാലാവധി ജൂലൈ ഒന്നിനും പുതിയ അക്രഡിറ്റേഷൻ രീതി അവതരിപ്പിക്കുന്നതിനും ഇടയിൽ അവസാനിക്കുന്നതാണെങ്കിൽ ഇവയ്ക്ക് പുതിയ രീതി നടപ്പാക്കി 3 മാസം വരെ കാലാവധി നീട്ടി ലഭിക്കും. പഴയ രീതിയിൽ അക്രഡിറ്റേഷൻ ലഭിച്ച മറ്റു സ്ഥാപനങ്ങൾക്ക് അതിന്റെ കാലാവധി പൂർണമായി ലഭിക്കും. എംബിജിഎൽ അവതരിപ്പിച്ച ശേഷം എപ്പോൾ വേണമെങ്കിലും ഇതിനായി അപേക്ഷിക്കുകയും ചെയ്യാം.