കേരള എൻജിനീയറിങ് / ഫാർമസി: മിനിമം മാർക്കിൽ ഇളവ്, പ്രവേശനത്തിന് 12ലേ മാർക്ക് മാത്രമോ?

Mail This Article
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ–അഗ്രികൾചറൽ–അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലെ ബാച്‌ലർതല പ്രവേശനത്തിനു മാർച്ച് 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ ‘KEAM-2025 Online Application’ എന്ന ലിങ്ക് വഴിയാണ് റജിസ്റ്റർ ചെയ്ത് അപേക്ഷിക്കേണ്ടത്. എസ്എസ്എൽസി അഥവാ തുല്യസർട്ടിഫിക്കറ്റ്, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ, കയ്യൊപ്പ്, ഈയിടെ എടുത്ത ഫോട്ടോ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അർഹത തെളിയിക്കുന്നതിനുള്ള മറ്റു രേഖകൾ മാർച്ച് 15നു വൈകിട്ട് 5 മണിക്കകം സമർപ്പിച്ചാൽ മതി. എത്ര കോഴ്സുകളിലേക്കായാലും ഒരപേക്ഷയേ അയയ്ക്കാവൂ. അപേക്ഷയുടെ അക്നോളജ്മെന്റോ മറ്റു രേഖകളോ എൻട്രൻസ് ഓഫിസിലേക്ക് അയയ്ക്കേണ്ട. അഡ്മിറ്റ് കാർഡ് ഏപ്രിൽ 10 മുതൽ ഡൗൺലോഡ് ചെയ്യാം. എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം മേയ് 10ന് എങ്കിലുമറിയാം. റാങ്ക്‌ലിസ്റ്റുകൾ ജൂൺ 10ന് അകം.
അപേക്ഷിക്കേണ്ട വിധം
എത്ര കോഴ്‌സുകൾക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ മതി. നിർദേശങ്ങൾ സൈറ്റിലെ വിജ്ഞാപനത്തിലും പ്രോസ്പെക്ടസിന്റെ 4–8, 55-57 പുറങ്ങളിലുമുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച് അക്നോളജ്മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. ഫീസിളവ്, സ്കോളർഷിപ് എന്നിവയ്ക്കായി പട്ടിക, ഒഇസി വിഭാഗക്കാരൊഴികെയുള്ളവർ വരുമാനസർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
∙ അപേക്ഷയിലെ വിവരങ്ങളെല്ലാം ശരിയെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
∙ അവസാനതീയതി വരെ കാത്തിരിക്കാതെ കാലേ കൂട്ടി അപേക്ഷിക്കുക.
2 വെബ്‌സൈറ്റുകൾ
(1) പൊതുവിവരങ്ങൾക്ക്: www.cee-kerala.org.
(2) ഓൺലൈൻ അപേക്ഷയ്‌ക്കും ഓപ്‌ഷൻ സമർപ്പണത്തിനും: www.cee.kerala.gov.in.
വിലാസം: The Commissioner for Entrance Examinations, 7th Floor, KSRTC Bus Terminal Complex, Thampanoor, Thiruvananthapuram– 695 001; ഫോൺ:0471– 2525300; ceekinfo.cee@kerala.gov.in. പുതിയ അറിയിപ്പുകൾക്കു വെബ്സൈറ്റുകൾ ഇടയ്ക്കിടെ നോക്കണം.
സഹായിക്കാൻ സ്‌കൂളുകൾ
അപേക്ഷാസമർപ്പണത്തിനു സഹായിക്കാൻ സംസ്‌ഥാനത്തെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ സംവിധാനമുണ്ട്.
കോളജ്, സീറ്റ്, കോഴ്സ്
എ) സർക്കാർ സീറ്റുകൾ: എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. എല്ലാ സർക്കാർ / എയ്‌ഡഡ് കോളജുകളിലുമുണ്ട്. സർക്കാർ / സ്വകാര്യ സ്വാശ്രയ / ഓട്ടോണമസ് സ്‌ഥാപനങ്ങളിലെ സീറ്റുവിവരങ്ങൾ പിന്നീടറിയാം.
ബി) മാനേജ്‌മെന്റ് സീറ്റുകൾ: എയ്‌ഡഡ് കോളജുകളിൽ മാനേജ്‌മെന്റ് നേരിട്ട് തിരഞ്ഞെടുപ്പു നടത്തുന്നവ. അലോട്‌മെന്റിനായി ഓപ്‌ഷൻ സമർപ്പിക്കേണ്ട സമയത്ത് ആകെയുള്ള സീറ്റുകളുടെ കൃത്യഎണ്ണം ഇനംതിരിച്ചയറിയാം.
മൊത്തം കോളജുകൾ
സർക്കാർ, എയ്ഡഡ്, കോസ്റ്റ്–ഷെയറിങ്, സ്വകാര്യം, ഓട്ടോണമസ് അടക്കം ആകെ സ്ഥാപനങ്ങളിങ്ങനെ : ബിടെക് / ബിആർക്– 166, എംബിബിഎസ്– 32, ബിഡിഎസ്– 26, ആയുർവേദം– 17, ഹോമിയോ– 5, സിദ്ധ– 1, യൂനാനി– 1, ഫാർമസി– 63. കാർഷിക, ഫിഷറീസ്, വെറ്ററിനറി സ്ഥാപനങ്ങൾ ഇവയ്ക്കു പുറമേ
പഠനശാഖകൾ
1. എൻജിനീയറിങ്/ ആർക്കിടെക്‌ചർ ശാഖകൾ 52.
2. മറ്റു കോഴ്സുകൾ: എംബിബിഎസ്, ഡെന്റൽ സർജറി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡ്രി, ഫാർമസി, കേരള കാർഷിക സർവകലാശാലയിലെ ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / അഗ്രി–ബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി
പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത
1. എൻജിനീയറിങ്: 12ൽ മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്കു വേണം. കെമിസ്‌ട്രിയൊഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു വിശേഷനിബന്ധനകളുണ്ട്.
2. മെഡിക്കൽ / അഗ്രികൾചറൽ:
എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് 12ൽ ബയോളജി/ കെമിസ്‌ട്രി / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്‌നോളജി മതി. ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, കോ–ഓപ്പറേഷൻ / അഗ്രി ബിസിനസ് മാനേജ്മെന്റ്, ബയോടെക്നോളജി (കാർഷികസർവകലാശാലയിലെ മാത്രം), ക്ലൈമറ്റ് ചേഞ്ച് എന്നിവയ്ക്ക് 12ൽ ബയോളജി / കെമിസ്‌ട്രി / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ക്ലൈമറ്റ് ചേഞ്ചിന് 12ൽ മാത്‍സ് കൂടുതലായിവേണം സിദ്ധയ്ക്ക്10ലോ 12ലോ തമിഴ് പഠിച്ചിരിക്കണം; ഇല്ലെങ്കിൽ ആദ്യവർഷ ക്ലാസിൽ തമിഴ് കോഴ്സ് ജയിക്കണം. യുനാനിക്ക് 10ലോ 12ലോ ഉറുദു / അറബിക് / പേർഷ്യൻ സ്കോർ അഥവാ നിർദിഷ്ട അധികയോഗ്യത വേണം. സിദ്ധ, യൂനാനി എന്നിവയ്ക്കു നിർദിഷ്ട അധിക ഭാഷായോഗ്യതയില്ലെങ്കിൽ ഒന്നാംവർഷ ക്ലാസിൽ ഈ ഭാഷകൾ വേറെ പഠിക്കേണ്ടിവരും. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്ക്. മെഡിക്കൽ–അനുബന്ധ / കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യുജി)–2025 യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി ജയിച്ചവർക്ക് പ്രത്യേക വ്യവസ്ഥകളുണ്ട്
3. ബിഫാം: 12ൽ ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയിലൊന്നും പഠിച്ചു ജയിച്ചിരിക്കണം.
4. ബി ആർക്ക് : ഫിസിക്സ്, കെമിസ്ട്രി എന്നീ നിർബന്ധവിഷയങ്ങളും, അവയ്ക്കു പുറമേ കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷനൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഐടി, ഇൻഫർമേഷൻ പ്രാക്ടീസസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് ഇവയിലൊന്നും ചേർത്ത് മൊത്തം 45% മാർക്കോടെ പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചിരിക്കണം. 45% മൊത്തം മാർക്കോടെ മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമ ജയിച്ചിരുന്നാലും മതി. എൻട്രൻസ് പരീക്ഷയെഴുതേണ്ട. പക്ഷേ NATA–2025 എന്ന ദേശീയ അഭിരുചി പരീക്ഷയിൽ യോഗ്യത നേടി ജൂൺ 30നു മുൻപ് നാറ്റ സ്കോർ എൻട്രൻസ് കമ്മിഷണർക്കു സമർപ്പിക്കണം.
നീറ്റ്–യുജിയിലെ മിനിമം
എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി എന്നിവയ്ക്ക് നീറ്റിൽ 50–ാം പെർസന്റൈലെങ്കിലും നേടണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40–ാം പെർസന്റൈൽ മതി. ഭിന്നശേഷി വിഭാഗക്കാർക്ക് 45–ാം പെർസന്റൈൽ വേണം. പക്ഷേ, വെറ്ററിനറിയടക്കം അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റിൽ 20 മാർക്കു മതി. സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം. 12 ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 2025 ഡിസംബർ 31ന് 17 വയസ്സു തികയണം. ഉയർന്ന പ്രായമില്ല. പക്ഷേ മെഡിക്കൽ–അനുബന്ധ കോഴ്സുകൾക്ക് നീറ്റ് വ്യവസ്ഥകൾ പാലിക്കണം. വിഎച്ച്എസ്ഇ 12നു തുല്യമാണ്.
മിനിമം മാർക്കിൽ ഇളവ്
എൻജിനീയറിങ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. എംബിബിഎസ്, ബിഡിഎസ് ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ നിർദിഷ്ട മൂന്നു വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയാൽ മതി. കാർഷിക സർവകലാശാലാ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. വെറ്ററിനറിക്ക് പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 47.5% മാർക്ക് മതി
മാർക്ക് 12ലെ മാത്രമോ?
പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും, റാങ്കിങ്ങിനും വ്യത്യസ്‌തരീതികളിലാണ് യോഗ്യതാപരീക്ഷയിലെ മാർക്കു പരിഗണിക്കുന്നത്. 11, 12 ക്ലാസുകൾ രണ്ടിലും ബോർഡ് പരീക്ഷയാണെങ്കിൽ 2 ക്ലാസുകളിലെയും മൊത്തം മാർക്കാണ് മിനിമം യോഗ്യതയ്‌ക്കു നോക്കുക. 12–ാം ക്ലാസിന്റെ അവസാനം മാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും. സിലക്‌ഷൻ റാങ്കിങ്ങിനു പരിഗണിക്കുക ‘ഫൈനൽ ഇയർ മാർക്ക്’ ആയിരിക്കും.
കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ
ഫാർമസിക്കു തനതായ പരീക്ഷ ഇത്തവണ ഏർപ്പെടുത്തി. എൻജിനീയറിങ് എൻട്രൻസിലെ ഫിസിക്സ്, കെമിസ്ട്രി മാർക്കുകൾ യഥാവിധി മാറ്റി ഫാർമസി റാങ്ക് നിശ്ചയിക്കുന്ന രീതി ഉപേക്ഷിച്ചു.
(എ) എൻജിനീയറിങ് എൻട്രൻസ്: മാത്‌സ് (75 ചോദ്യം), ഫിസിക്സ് (45), കെമിസ്ട്രി (30). ആകെ 150 ചോദ്യം, 180 മിനിറ്റ്
(ബി) ഫാർമസി: ഫിസിക്സ് (30), കെമിസ്ട്രി (45). ആകെ 75 ചോദ്യം, 90 മിനിറ്റ് എല്ലാം മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും നേർക്കുള്ള 5 ഉത്തരങ്ങളിൽ ശരിയുത്തരം അഥവാ ശരിയുടെ അംശം ഏറ്റവും കൂടുതലുള്ള ഉത്തരം തിരഞ്ഞെടുത്തു ക്ലിക് ചെയ്യണം. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ചോദ്യം വിട്ടുകളയുന്നതിന് മാർക്ക് കുറയ്ക്കില്ല. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെയെന്നു പറഞ്ഞാലും, സാധാരണഗതിയിൽ ഞായറാഴ്ചയടക്കം 24 മുതൽ 28 വരെ ദിവസവും ഉച്ചതിരിഞ്ഞ് 2 മുതൽ 5 വരെയാകും സെഷനുകൾ. വേണ്ടിവന്നാൽ മാത്രം 22, 23, 29, 30 തീയതികളിൽ പരീക്ഷ നടത്തും. പല സെഷനുകളുള്ളതിൽ ഏതെങ്കിലുമൊരു സെഷനിൽ മാത്രം എഴുതാനായിരിക്കും നിർദേശം. ഒന്നിലേറെ എഴുതാൻ ശ്രമിക്കുന്നതു ശിക്ഷാർഹം. കേരളത്തിലെ 14 ജില്ലകളിലും ഡൽഹി, മുംബൈ, ദുബായ് എന്നീ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. വേണ്ടത്ര അപേക്ഷകരുണ്ടെങ്കിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ബഹ്റൈൻ എന്നീ സ്ഥലങ്ങളിലും പരീക്ഷ നടത്തും. ഇല്ലെങ്കിൽ അവിടത്തേക്ക് ഓപ്ഷൻ കൊടുത്തവരെ മറ്റു കേന്ദ്രങ്ങളിലേക്ക് അലോട്ട് ചെയ്യും. ചോദ്യങ്ങൾക്കു പ്ലസ്ടു നിലവാരം. പരീക്ഷയിൽ കംപ്യൂട്ടർ കീബോർഡ് ഉപയോഗിക്കരുത്. ആവശ്യമെങ്കിൽ വെർച്വൽ കീബോർഡ് ആവാം. യഥാർഥ ടെസ്റ്റിനു 15 മിനിറ്റു മുൻപ് മോക്ടെസ്റ്റുണ്ടായിരിക്കും. പരീക്ഷ പല സെഷനുകളിൽ നടത്തുന്നതിനാൽ സ്കോറുകൾ നോർമലൈസ് ചെയ്താണ് റാങ്കിങ്ങിന് എടുക്കുക. നോർമലൈസ് ചെയ്ത സ്കോർ 300ൽ ആയിരിക്കും.

ഇത്തവണത്തെ മാറ്റങ്ങൾ
1. ബിഫാമിനു തനതായ എൻട്രൻസ് പരീക്ഷ
2. എട്ട് സെമസ്റ്റർ ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷനോടൊപ്പം പുതുതായി ബിഎസ്‌സി (ഓണേഴ്സ്) അഗ്രി–ബിസിനസ് മാനേജ്മെന്റും ചേർത്തു (കോഡ് CB). പൊതുവായ 6 സെമസ്റ്ററുകൾക്കു ശേഷം ഓപ്ഷൻ സ്വീകരിച്ച്, വ്യത്യസ്ത ഇലക്ടീവുകൾ നൽകി, 2 പ്രോഗ്രാമുകളിലേക്കു തിരിച്ചുവിടും
3. വേണ്ടത്ര അപേക്ഷകരുണ്ടെങ്കിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ബഹ്റൈൻ പരീക്ഷാകേന്ദ്രങ്ങൾ
4. മെഡിക്കൽ ബിരുദകോഴ്സുകളിലെ പ്രവേശനത്തിനു ഭിന്നശേഷിക്കാർക്കു വേണ്ട മിനിമം പ്ലസ്ടു മാർക്കു ശതമാനം 45 ൽ നിന്നു 40 ആക്കി.
മാത്‌സ് പഠിക്കാത്തവർക്കും ബിടെക്
വെള്ളായണി കാർഷിക കോളജിലെ ബിടെക് ബയോടെക്നോളജി പ്രവേശനത്തിന് 12ൽ ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, എന്നിവ മതി. മാത്‌സ് വേണമെന്നില്ല. പക്ഷേ മറ്റെല്ലാ ബിടെക് പ്രോഗ്രാമുകൾക്കും മാത്‌സ് നിർബന്ധം.