അലോയ് വീലുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650

Mail This Article
റോയൽ എൻഫീൽഡിന്റെ റോഡ്സ്റ്ററായ ഇന്റർസെപ്റ്റർ 650 വൈകാതെ അലോയ് വീൽ സഹിതം വിൽപ്പനയ്ക്കെത്തുന്നു. നിലവിൽ സ്പോക്ക് വീലോടെ വിൽപ്പനയ്ക്കെത്തുന്ന ഇന്റർസെപ്റ്ററിൽ ഓപ്ഷനൽ വ്യവസ്ഥയിലാവും മോട്ടോർ സൈക്കിളിൽ അലോയ് വീൽ ലഭ്യമാക്കുകയെന്നാണു സൂചന. നിലവിലുള്ള ഇന്റർസെപ്റ്റർ 650 ഉടമസ്ഥർക്കും അധിക വില നൽകി അലോയ് വീലിലേക്കു മാറാൻ അവസരമുണ്ടാവും. ബൈക്കിലെ അലോയ് വീലിന് 10,000 മുതൽ 15,000 രൂപ വരെയാവും വില. അടുത്ത ഘട്ടത്തിൽ കോണ്ടിനെന്റൽ ജി ടി 650 കഫേ റേസറിലും അലോയ് വീൽ ഇടംപിടിച്ചേക്കും.
ബൈക്കിനു കാഴ്ചപ്പകിട്ടും ആധുനികതയും പ്രദാനം ചെയ്യുന്നതിനൊപ്പം അലോയ് വീലിന്റെ വരവ് ട്യൂബ്രഹിത ടയർ ഘടിപ്പിക്കാൻ ആവശ്യമായ പശ്ചാത്തല സൗകര്യവും ലഭ്യമാക്കുന്നുണ്ട്. നിലവിൽ സ്പോക്ക് വീൽ ആയതിനാൽ ഇന്റർസെപ്റ്ററിൽ ട്യൂബുള്ള ടയറുകളാണു റോയൽ എൻഫീൽഡ് ഘടിപ്പിക്കുന്നത്. കൂടാതെ ഉയർന്ന വേഗത്തിൽ മെച്ചപ്പെട്ട സ്ഥിരതയും മികച്ച ഡ്രൈവിങ് ഡൈനമിക്സും പ്രദാനം ചെയ്യാനും അലോയ് വീലിന്റെ വരവ് വഴി തെളിക്കുമെന്നാണു പ്രതീക്ഷ. ഈ മാസം മുതൽ തന്നെ ‘ഇന്റർസെപ്റ്റർ 650’ അലോയ് വീൽ സഹിതം വിൽപ്പനയ്ക്കെത്താനാണു സാധ്യത.
ഇതിനു പുറമെ അഡ്വഞ്ചർ ടൂററായ ഹിമാലയന്റെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിക്കാനും റോയൽ എൻഫീൽഡ് ഒരുങ്ങുന്നുണ്ട്. നിലവിൽ പരീക്ഷണ ഓട്ടത്തിലുള്ള ഹിമാലയൻ 2021 ബൈക്കിൽ പുതിയ നിറങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം മീറ്റിയോറിലൂടെ അരങ്ങേറിയ, ട്രിപ്പർ ടേൺ ബൈ ടേൺ നാവിഗേഷൻ സംവിധാനവും ഇടംപിടിക്കും.
English Summary: Royal Enfield Interceptor 650 Alloy Wheels to Launch Soon