ADVERTISEMENT

അത്യാവശ്യമായി പുറത്തേക്ക് പോവാനായി നോക്കുമ്പോഴായിരിക്കും കാറിന്റെ താക്കോല്‍ കാണാതെ വരിക. അന്വേഷിച്ചന്വേഷിച്ച് ഒടുവില്‍ കണ്ടെത്തി പോവുകയാണ് ഭൂരിഭാഗം സമയത്തും പതിവെങ്കിലും അപൂര്‍വമായെങ്കിലും കാറിന്റെ കീ നഷ്ടപ്പെടാറുണ്ട്. പരമാവധി അന്വേഷിച്ച ശേഷവും കാറിന്റെ കീ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും? മിക്കവാറും കീകള്‍ക്ക് ഡൂപ്ലിക്കേറ്റ് കീ ഉണ്ടാവും. ഇനി അതും ഇല്ലെങ്കില്‍ അല്‍പം സമയനഷ്ടവും പണച്ചിലവുമൊക്കെ ഉണ്ടാക്കുമെങ്കിലും ഈ പ്രശ്‌നത്തിനും പരിഹാരമുണ്ട്. 

പകരം താക്കോല്‍ കിട്ടണമെങ്കില്‍ കാറിന്റെ ചില അത്യാവശ്യ വിവരങ്ങള്‍ കൂടി ശേഖരിക്കേണ്ടതുണ്ട്. കാര്‍ നിര്‍മിച്ച കമ്പനി, മോഡല്‍, ഏതുവര്‍ഷമാണ് നിര്‍മിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ പ്രധാനമാണ്. ഇതു കൂടാതെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(വിഐഎന്‍) കൂടി കരുതണം. ഡാഷ് ബോര്‍ഡില്‍ ഡ്രൈവറുടെ ഭാഗത്തായും ഡോര്‍ ഫ്രെയിമിലും ഫ്‌ളോറിലുമെല്ലാം വിഐഎന്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും. ഇന്‍ഷൂറന്‍സോ രജിസ്‌ട്രേഷന്‍ രേഖയോ പരിശോധിച്ചാലും വിഐഎന്‍ നമ്പര്‍ ലഭിക്കും. 

ഈ വിവരങ്ങളെല്ലാം ശേഖരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ കാര്‍ ഡീലറുമായി ബന്ധപ്പെടാന്‍ ശ്രമിക്കണം. നിങ്ങളുടെ കാര്‍ തന്നെയാണ് ഇതെന്ന് തെളിയിക്കുന്ന ഉടമസ്ഥാവകാശ രേഖകളും കയ്യില്‍ കരുതണം. അല്ലെങ്കില്‍ കാര്‍ ഡീലമര്‍മാര്‍ അനുകൂലമായി പ്രതികരിക്കണമെന്നില്ല. നേരത്തെ പരിചയമുള്ളവരാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഇതിനു ശേഷം എതു തരം കീ വേണമെന്നു തീരുമാനിക്കുക. 

ഏതു തരം കീയാണെന്ന് തീരുമാനിക്കുന്നതിന് പ്രാധാന്യമുണ്ട്. കാരണം 1,500 രൂപ മുതല്‍ 30,000 രൂപയോ അതിലേറെയോ വില വരാറുണ്ട് പകരം താക്കോലിന്. സ്റ്റാന്‍ഡേഡ് മെക്കാനിക്കല്‍ കീക്ക് ഏകദേശം 1,500 രൂപയാണ് ചിലവ് വരിക. ഇനി റിമോട്ട് കീയാണെങ്കില്‍ ശരാശരി 8,500 രൂപയോളം വരും. ഇനി പ്രീമിയം കാറുകളിലേക്കു വന്നാല്‍ പുതിയ താക്കോലിന്റെ വില 30,000 രൂപക്കും മുകളിലേക്കെത്തും. 

ഏതു തരം കീയാണ് വേണ്ടതെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ പണം ഡീലര്‍ക്ക് കൈമാറണം. ഡീലര്‍ നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള താക്കോല്‍ നിര്‍മിച്ചു നല്‍കും. എത്ര സമയം താക്കോല്‍ നിര്‍മിക്കാന്‍ വേണ്ടിവരുമെന്നത് നിങ്ങളുടെ കാറും നിങ്ങള്‍ തെരഞ്ഞെടുത്ത താക്കോലും അനുസരിച്ചിരിക്കും. കാറിന്റെ താക്കോല്‍ പോയാല്‍ തിരികെ മറ്റൊന്ന് സംഘടിപ്പിക്കുക അസാധ്യമല്ല. എന്നാല്‍ അത് അനാവശ്യ സമയനഷ്ടത്തിനും ധനനഷ്ടത്തിനും ഇടയാക്കും. അതുകൊണ്ട് പരമാവധി കാറിന്റെ താക്കോല്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും സ്ഥിരമായി ഒരു സ്ഥലത്തു തന്നെ സൂക്ഷിക്കുകയും ചെയ്യുക.

English Summary:

How To Replace Lost Car Keys: Essential Steps & Costs Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com