അസാമാന്യ ധൈര്യം, ദിവസേന യുദ്ധ വിമാനങ്ങളുടെ ആക്രമണം; ബ്രിട്ടിഷ് പൈലറ്റ് ജോൺ പാഡി യാത്രയായി

Mail This Article
ലണ്ടൻ ∙ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന അവസാനത്തെ ബ്രിട്ടിഷ് പൈലറ്റ് ജോൺ പാഡി ഹെമിങ്വേ അന്തരിച്ചു. 105 വയസ്സായിരുന്നു. യുകെ റോയൽ എയർ ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒരു യുഗം അവസാനിച്ചെന്നാണ് ജോൺ പാഡിയുടെ മരണത്തെ റോയൽ എയർ ഫോഴ്സ് വിശേഷിപ്പിച്ചത്. 1940 ൽ നാസി ജർമനിയുടെ വ്യോമാക്രമണങ്ങളിൽ നിന്ന് ബ്രിട്ടനെ സംരക്ഷിക്കാൻ നടത്തിയ പ്രതിരോധാക്രമണത്തിൽ പങ്കെടുത്ത 'ദ ഫ്യൂ' എന്നറിയപ്പെടുന്ന പൈലറ്റുമാരിൽ ഒരാളായിരുന്നു ജോൺ പാഡി. അന്നത്തെ ബ്രിട്ടൻ പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ ആണ് നാസ ജർമനിക്കെതിരെ പ്രതിരോധം തീർത്ത എയർ ഫോഴ്സ് പൈലറ്റുമാർക്ക് ദ ഫ്യൂ എന്ന് പേരിട്ടത്.
1919 ൽ അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച ജോൺ പാഡി തന്റെ 19–ാമത്തെ വയസ്സിൽ 1938 ൽ യുകെ റോയൽ എയർഫോഴ്സിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷമാണ് യൂറോപ്പിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1940 ൽ ജോൺ പാഡി ജർമൻ യുദ്ധ വിമാനം വെടിവച്ചു വീഴ്ത്തിയെങ്കിലും വ്യോമ സേനകളുടെ വെടിവയ്പിനിടെ അദ്ദേഹത്തിന്റെ യുദ്ധ വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നിരുന്നു.
നാസയുടെ വ്യോമാക്രണങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളായിരുന്നു. ജർമൻ യുദ്ധ വിമാനങ്ങളുടെ ദിവസേനയുള്ള ആക്രമണങ്ങളെ ചെറുക്കാൻ മുൻനിരയിൽ പ്രവർത്തിച്ച പൈലറ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. 1941 ൽ അസാമാന്യ ധൈര്യത്തിന് ഡിസ്റ്റിൻഗ്യൂഷ്ഡ് ഫ്ളൈയിങ് ക്രോസ് (ഡിഎഫ്സി) മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു.