മലയാളി നന്മയുടെ കരങ്ങൾ പിടിച്ച് സെയ്തു തങ്ങൾ; എങ്ങുനിന്നും സഹായം, ഹൃദയം തൊട്ട് നന്ദി
Mail This Article
ദുബായ്∙ സെയ്തു തങ്ങളുടെ കൂനിപ്പോയ ജീവിത കഥ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഹൃദയത്തിൽ തൊട്ടു. 30 വയസ്സ് പിന്നിട്ട സഹോദരിയുടെ വിവാഹത്തിന് സമ്മാനിക്കേണ്ട രണ്ട് പവന്‍റെ മാല മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ച് ഒരു മണിക്കൂർ പിന്നിടുന്നതിന് മുൻപ് അദ്ദേഹത്തിന് ലഭിച്ചു. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത അബുദാബിയിലെ പ്രമുഖ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് സ്വർണം സമ്മാനിച്ചത്.
കൂടാതെ, അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ മലയാളികൾ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തു. പലരും ഇതിനകം അദ്ദേഹത്തിന്‍റെ നാട്ടിലെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചുകൊടുത്തു. സ്കൂളിൽ കൂടെ പഠിച്ച പ്രവാസികളും ഫോണിലൂടെ ബന്ധപ്പെട്ടു. അവർ സംഘടിച്ച് എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്.
Read also: അന്തരീക്ഷത്തിൽ ചൂടു കൂടുമ്പോൾ, പറന്നുയരാൻ വിമാനങ്ങൾ പ്രയോഗിക്കുന്ന ‘ടെക്നിക്കുകൾ’
സഹോദരിയുടെ വിവാഹം നടത്തണമെന്നതാണ് സെയ്തു തങ്ങളുടെ ജീവിതത്തിലെ ഏക ആഗ്രഹം. അതിനുള്ള വഴി തെളിഞ്ഞു വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു. വാർത്ത വന്നതിന് ശേഷം ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ നിശബ്ദമായിരുന്നിട്ടില്ല. യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നൊക്കെ രാത്രി വൈകിയും സ്ത്രീകളടക്കമുള്ളവർ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.
നന്മനിറഞ്ഞ ലോകത്താണ് താൻ ജീവിക്കുന്നതെന്ന് ഇപ്പോൾ ഉറപ്പായെന്നും ഇന്നലെ രാത്രി ഒരുപോള കണ്ണടയ്ക്കാനായില്ലെന്നും മുഹൈസിന 4ലെ റസ്റ്ററന്‍റിന്‍റെ അടുക്കളയിൽ പാത്രം കഴുകുന്ന ജോലി ചെയ്യുന്ന കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശിയായ ഈ 55 കാരൻ പറയുന്നു.
അഞ്ചാണും നാല് പെണ്ണുമടങ്ങുന്ന ദരിദ്ര കുടുംബത്തിൽ പിറന്ന സെയ്തു തങ്ങൾക്ക് ബാലനായിരുന്നപ്പോൾ തന്നെ കുടുംബത്തിന് വേണ്ടി അധ്വാനിക്കേണ്ടി വന്നു. കുടിലിൽ തീ പുകയ്ക്കാൻ അകലെ നിന്ന് പതിവായി വിറകു ചുമന്ന് മുതുക് നിവർത്താൻ വയ്യാതായി. പിന്നീട്, ആ കൂന് ജീവിതത്തെ മുഴുവൻ പിന്തുടർന്നു. 2008 മുതൽ യുഎഇയിലുള്ള ഇദ്ദേഹം മലയാളി ഗ്രൂപ്പിന്‍റെ വിവിധ റസ്റ്ററന്‍റുകളിലാണ് ഇതുവരെയും ജോലി ചെയ്തത്. അടുക്കളയിൽ പാത്രം കഴുകലായിരുന്നു മിക്കയിടത്തും പണി. മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് ചെയ്യേണ്ട ജോലിയായതിനാൽ ചെറുപ്പത്തിൽ പിടികൂടിയ കൂന് കൂടിക്കൂടി വരികയും ഇപ്പോൾ നടക്കുമ്പോൾ പോലും മുതുക് നിവർത്താൻ വയ്യാത്ത അവസ്ഥയിലാവുകയും ചെയ്തു.
പതിഞ്ച് വർഷത്തിനിടയിൽ നാട്ടിലേയ്ക്ക് പോയത് ആകെ നാല് പ്രാവശ്യം മാത്രം. അടുത്ത മാസം വീസാ കാലാവധി തീരുമെന്നതിനാൽ നാട്ടിലേയ്ക്ക് പോയി കൂത്തുപറമ്പിലെ വീട്ടിൽ കഴിയുന്നു 30 വയസ്സുകാരിയായ സഹോദരിയുടെ വിവാഹം നടത്താനാണ് തീരുമാനം. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇദ്ദേഹം ഒരു വർഷത്തോളം കാസർകോട് കാഞ്ഞങ്ങാട്ടെ ഒരു റസ്റ്ററന്‍ററിൽ ജോലി ചെയ്തു. തുടർന്ന് ഏറെ കാലം മുംബൈയില്‍ ഉപജീവനം കണ്ടെത്തി. റസ്റ്ററന്‍റിലും ലോഡ് ജിലും മസാലക്കടയിലുമൊക്കെയായിരുന്നു ജോലി. പിന്നീട്, സഹോദരി ഭർത്താവിന്‍റെ പിന്തുണയോടെ ദുബായ് ജബൽ അലിയിലെ ഒരു റസ്റ്ററന്‍ററിൽ ജോലി ശരിയായി തൊഴിൽ വീസയിൽ എത്തുകയായിരുന്നു.
Read also: കൂനിപ്പോയ ജീവിതം , പാത്രം കഴുകി പ്രവാസ ജീവിതം; സെയ്തു സ്വപ്നം കാണുന്നത് സഹോദരിക്ക് ഒരു വിവാഹസമ്മാനം
നിർധന കുടുംബത്തിലെ ഒൻപത് മക്കളിൽ നാലാമത്തേയാണ് സെയ്തു തങ്ങൾ. ജ്യേഷ്ഠന്മാരാരും വിവാഹിതരല്ലെങ്കിലും ഇദ്ദേഹം കോഴിക്കോട് പയ്യോളിക്കടുത്ത് നിന്ന് വിവാഹം കഴിച്ചു. മക്കളില്ല. ഒരു സഹോദരി കുറച്ച് കാലം മുൻപ് മരിച്ചു. മറ്റൊരു സഹോദരിയുടെ ഭർത്താവ് മരിച്ചു. ഒരേയൊരു കാര്യം സെയ്തു തങ്ങളോട് അഭ്യർഥിച്ചുകൊണ്ടാണ് ഉമ്മ കണ്ണടച്ചത്. വിധവയായ സഹോദരിയെ കൈ ഒഴിയരുത്. ആ വാക്കു പാലിക്കാൻ എപ്പോഴും ശ്രമിക്കുമായിരുന്നു. എന്നാൽ, ഒരു സഹോദരിയുടെ വിവാഹം നടത്താൻ സാധിച്ചില്ല എന്നതിൽ ഏറെ ദുഃഖിതനുമായിരുന്നു.
നാട്ടിലേയ്ക്ക് രണ്ട് വർഷത്തിലൊരിക്കലേ പോകാറുള്ളൂ. അതും പലപ്പോഴും വേണ്ടെന്ന് വച്ചാണ് കുടുംബത്തിന്‍റെ അത്താണിയായത്. എല്ലാ ദിവസവും 12 മണിക്കൂറാണ് ജോലി. മാസത്തിൽ രണ്ട് അവധി ലഭിക്കും. 1,400 ദിർഹമാണ് പ്രതിമാസ ശമ്പളം. തന്‍റെയും സഹോദരിയുടെയും നിത്യജീവിതത്തിന് വേണ്ടി വിനിയോഗിച്ച ശമ്പളത്തിൽ തുച്ഛമായി വരുന്നത് സ്വരൂപിച്ച് വച്ച് പയ്യോളിയിൽ ഒരു കുഞ്ഞുവീടുണ്ടാക്കിയതും സംതൃപ്തി നൽകുന്നു. സെയ്തു തങ്ങളുടെ ലക്ഷ്യപൂർത്തീകരണത്തിനായി അദ്ദേഹത്തെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം: +971 55 592 7605.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ:
SAIDU DEVARI VEETTIL
Account No: 0817103080943
CANARA BANK
THOVARI COMPLEX, LOGANS ROAD,
TELLICHERRY, KERALA, INDIA
IFSC code: CNRB0000817
English Summary: Expats helping Sayid thangal to conduct his sister's marriage