ഒമാനില്‍ മഴ കനത്തു; ഇന്ന് പൊതുഅവധി
Mail This Article
മസ്‌കത്ത്∙ ഒമാനിലെങ്ങും കനത്ത മഴ. ഞായറാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. വൈകുന്നേരത്തോടെ ശക്തി പ്രാപിച്ച മഴ രാത്രിയിലും തുടര്‍ന്നു. മസ്‌കത്ത്, അമിറാത്ത്, മുസന്ന, ബൗശര്‍, നഖല്‍, അല്‍ ഹംറ, സമാഇല്‍, ഖുറം, ഖുറിയാത്ത്, ജഅലാന്‍ ബനീ ബുആലി, ശിനാസ്, സീബ്, ബര്‍ക, നിസ്‌വ, ദങ്ക്, സുഹാര്‍, ഇബ്രി, ഇസ്‌കി, സൂര്‍, ബുറൈമി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴയെത്തിയത്. മഴ ഇന്നും നാളെയും തുടരുമെന്ന് സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ തിരമാലകള്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് രാജ്യത്ത് പൊതു, സ്വകാര്യാ മേഖലകളില്‍ അവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവർണറേറ്റുകളില്‍ ഇന്ന് അവധിയില്ല. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ഇന്നലെ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകള്‍ക്കും അവധി നല്‍കിയിരുന്നു. അതേസമയം, അല്‍ വുസ്തയിലും ദോഫാറിലും സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മഴ ശക്തമായതിന് പിന്നാലെ ബൗശര്‍-അമിറാത്ത് അല്‍ ജബല്‍ സ്ട്രീറ്റ് റോഡ് അടച്ചു. യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് വിഭാഗം അറിയിച്ചു. വാദികളില്‍ ഇറങ്ങരുതെന്നും വാഹനങ്ങള്‍ ഇറക്കരുതെന്നും സുരക്ഷാ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വാദിയില്‍ ഇറങ്ങിയാല്‍ 500 റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ വിധിക്കും.
വാഹനങ്ങള്‍ വാദികളില്‍ ഇറക്കുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വാദിയില്‍ ഇറക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കവറേജിനുള്ള അവകാശം നഷ്ടപ്പെടുത്തുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.