‘പൊന്നുമോനെ കാണണം, പെട്ടെന്നു തന്നെ അവനെ നാട്ടിൽ എത്തിക്കണം...’; റിയാദ് ജയിലിൽ നിന്ന് ഉമ്മയെ ഫോണിൽ വിളിച്ച് റഹീം
Mail This Article
ഫറോക്ക് ∙ 18 വർഷത്തെ കണ്ണീർമഴ തോരുന്നുവെങ്കിലും ഫാത്തിമ ഉമ്മയുടെ കാത്തിരിപ്പു തീരുന്നില്ല. സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന മകൻ അബ്ദുൽ റഹീം എത്രയും വേഗം മടങ്ങിയെത്തണമെന്നാണു ഫാത്തിമ ഉമ്മയുടെ ആഗ്രഹം. അതിനായി എല്ലാവരും പ്രാർഥിക്കണം എന്നാണ് അഭ്യർഥന.
റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയതിന്റെ സന്തോഷം മുഖത്തുണ്ടെങ്കിലും മകന്റെ വരവിനായുള്ള പ്രാർഥനയിലാണ് കോടമ്പുഴ സീനത്ത് മൻസിലിൽ ഫാത്തിമ. ‘പൊന്നുമോനെ കാണണം, പെട്ടെന്നു തന്നെ അവനെ നാട്ടിൽ എത്തിക്കണം...’ വാക്കുകൾ കണ്ണീരിൽ കുതിരുന്നു. വധശിക്ഷ കോടതി റദ്ദാക്കിയ സന്തോഷം പങ്കിട്ട് റഹീം ഉമ്മയെ ഫോണിൽ വിളിച്ചിരുന്നു. വിധിപ്പകർപ്പു കിട്ടിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽ മോചിതനാകാമെന്നാണു പ്രതീക്ഷ. ഫാത്തിമയുടെ 6 മക്കളിൽ ഇളയവനാണ് റഹീം. ഹൗസ് ഡ്രൈവർ വീസയിൽ ജോലി തേടി 2006 നവംബറിലാണു റിയാദിലേക്കു പോയത്.
റഹീമിന്റെ മോചനത്തിനു സൗദി കുടുംബം ആവശ്യപ്പെട്ട 34.35 കോടി രൂപ സമാഹരിച്ച മഹാദൗത്യം ലക്ഷ്യത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണു നാട്ടുകാരും നിയമ സഹായ കമ്മിറ്റിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഹാമനസ്കരുടെ കാരുണ്യത്തിലാണ് ഇത്രയും വലിയ തുക സമാഹരിക്കാനായത്. മകന്റെ മോചനത്തിനായി സാമ്പത്തികമായി സഹായിച്ചവർക്കും അതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ഫാത്തിമ ഉമ്മ നന്ദി അറിയിച്ചു. റിയാദിലെ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി കാരുണ്യക്കടൽ കടന്ന് റഹീം നാട്ടിലേക്കു വരുന്നതും കാത്തിരിക്കുകയാണു ബന്ധുക്കളും നാട്ടുകാരും.
∙ വിധിപ്പകർപ്പ് ജയിലിലേക്ക് അയച്ചു
അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ കോടതിവിധിയുടെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും അയച്ചു. ഇരുകക്ഷികളുടെയും അഭിഭാഷകരും പവർ ഓഫ് അറ്റോർണിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഒപ്പിട്ട ശേഷമാണു വിധിപ്പകർപ്പ് അയച്ചത്. ജയിൽ മോചനം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വൈകാതെ പൂർത്തിയാക്കാനാകും എന്നാണു പ്രതീക്ഷ. സൗദി നിയമപ്രകാരം രേഖകൾ ശരിയാക്കാൻ വിരലടയാളം ശേഖരിക്കേണ്ടതുണ്ട്. ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പു നൽകിയതോടെയാണു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്.