ഒളിംപിക്സ്: ബഹ്‌റൈന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ഹമദ് രാജാവ്
Mail This Article
മനാമ ∙ പാരിസ് ഒളിംപിക് ഗെയിംസിൽ രാജ്യം ഉണ്ടാക്കിയ നേട്ടങ്ങളെ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. സഖീർ പാലസിൽ നടന്ന യോഗത്തിലാണ് കായികരംഗത്ത്, ബഹ്‌റൈന്റെ സമീപകാല നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്‌റൈൻ അത്‌ലീറ്റുകളുടെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തി, ഈ വിജയം രാജ്യത്തിന് നൽകുന്ന അഭിമാനത്തെ അദ്ദേഹം എടുത്തുപറഞ്ഞു.
മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും യുവജനങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർടിന്റെ ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റിയുടെയും ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റിയുടെ ഡപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ പ്രവർത്തങ്ങളും ശ്രദ്ധേയമാണ്.
കായിക മേഖലയ്‌ക്കപ്പുറം, ദേശീയ വിഷയങ്ങൾ, പ്രത്യേകിച്ച് പുരോഗതിയിലേക്കും വികസനത്തിലേക്കും ഉള്ള രാജ്യത്തിന്റെ പ്രയാണം എന്നിവയും യോഗം ചർച്ച ചെയ്തു. രാജ്യത്തിനും അതിന്റെ ജനങ്ങൾക്കും പ്രയോജനം ചെയ്യുന്നതിനുള്ള ഈ ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കിരീടാവകാശി ചർച്ച ചെയ്തു. രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, ധനകാര്യ ദേശീയ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വിവിധ കായിക ഇനങ്ങളിൽ ബഹ്‌റൈന്റെ വിജയത്തിന് സംഭാവന നൽകുന്ന എല്ലാ ശ്രമങ്ങളെയും, അറബ് കായികരംഗത്തെ ലോക വേദിയിൽ ഉയർത്താൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ പ്രാധാന്യങ്ങളെപ്പറ്റിയും രാജാവ് എടുത്തുപറഞ്ഞു. എല്ലാ മേഖലകളിലും ബഹ്‌റൈന്റെ നേട്ടങ്ങൾ നിലനിൽക്കുമെന്നും അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.