പണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺ കോൾ
Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് പലരും ഫോൺ വിളിച്ച് ഇന്ത്യൻ പൗന്മാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമുള്ള ഫോൺ കോളുകളാണ് ലഭിക്കുന്നത്.
+180071234 എന്ന നമ്പറിൽ നിന്നാണ് പലർക്കും കോളുകൾ വന്നിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ എംബസി മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ആളുകളിൽനിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ വിംഗിന്റെ 24*7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 80071234 ആണ്. ഔട്ട്‌ഗോയിംഗ് കോളുകൾ വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിക്കാറില്ലെന്നും എംബസി വ്യക്തമാക്കി. ഇത്തരം കെണിയിൽ വീഴാതിരിക്കാൻ എംബസിയുടെ ഹെൽപ് ലൈൻ നമ്പറുകൾ ക്രോസ് ചെക്ക് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.