മെട്രോ സുരക്ഷയ്ക്ക് എഐ സന്നാഹം
Mail This Article
ദുബായ്∙ മെട്രോ റെയിൽ ശൃംഖലയിൽ ഉണ്ടാകാവുന്ന അപകടങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ മെറ്റാവേഴ്സിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും സഹായം ഉപയോഗിക്കുന്ന പുതിയ സുരക്ഷാസംവിധാനം ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ദുരന്ത രംഗങ്ങളിൽ സഹായവുമായി എത്തേണ്ട വിവിധ ടീമുകളുടെ ഏകോപനമാണ് സാങ്കേതിക വിദ്യയുടെ പ്രധാന നേട്ടം.
അപകടം തരണം ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ, രക്ഷാ മാർഗങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് സഹായ സംഘത്തിനു വ്യക്തമായ മുന്നറിയിപ്പ് ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കും. ട്രെയിൻ നിന്നു പോയാൽ, അത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാം, എവിടെയാണ് കേടുപാട്, യാത്രക്കാരെ മാറ്റണോ, എത്ര വാഹനം വേണം എന്നതടക്കം ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ നിർദേശങ്ങൾ നൽകും.
രക്ഷാപ്രവർത്തകർക്ക് അവരുടെ ടീമിന് ആവശ്യമായ മുന്നൊരുക്കങ്ങളോടെ ദുരന്തസ്ഥലത്ത് എത്താനാവും. ഇത്തരം നിർദേശങ്ങൾക്ക് മെറ്റാവേഴ്സാണ് സഹായിക്കുന്നത്. 11 സർക്കാർ സംവിധാനങ്ങളാണ് ഈ പരീക്ഷണ ഘട്ടത്തിൽ പങ്കാളികളായത്.
ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഡിപ്പാർട്മെന്റ്, ദുബായ് കോർപറേഷൻ ആംബുലൻസ് സർവീസ്, നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി, ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസ് എന്നിവരും ദുബായ് മെട്രോയുടെ ഓപ്പറേറ്റിങ് വിഭാഗമായ കിയോലിസ് എംഎച്ച്ഐയുമാണ് പരീക്ഷണത്തിന്റെ ഭാഗമായത്.