യുഎഇ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ; വീസ എടുക്കുന്നതിനും പുതുക്കുന്നതിനും ഇൻഷുറൻസ് നിർബന്ധം
Mail This Article
അബുദാബി ∙ യുഎഇയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിലായി. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം നിർബന്ധമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പുതുവർഷം മുതൽ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.
പുതിയ തൊഴിൽ വീസ എടുക്കുന്നതിനും നിലവിലെ പെർമിറ്റ് പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. 320 ദിർഹം മുതൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ലഭ്യമാണ്. ഒന്നുമുതൽ 64 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. വിട്ടുമാറാത്ത രോഗമുള്ളവർക്കും ചികിത്സ ലഭിക്കുമെങ്കിലും അവർ രോഗവിവരങ്ങൾ വെളിപ്പെടുത്തുന്ന അപേക്ഷ പൂരിപ്പിച്ചു നൽകണം.
കിടത്തി ചികിത്സയ്ക്ക് 20 ശതമാനം കോ-പെയ്‌മെന്റ് രോഗി നൽകണം. വർഷത്തിൽ 1,500 ദിർഹത്തിന്റെ മരുന്ന് ലഭിക്കും. ഒരു സന്ദർശനത്തിൽ പരമാവധി 500 ദിർഹത്തിന്റെ ചികിത്സാ ആനുകൂല്യമാണ് ലഭിക്കുക. ഒപി കെയറിന് 25 ശതമാനം രോഗി നൽകണം.
7 ദിവസത്തിനകം വീണ്ടും ഡോക്ടറെ കാണേണ്ടിവന്നാൽ കോ-പെയ്‌മെന്റ് ആവശ്യമില്ല. അതേസമയം മരുന്നുകൾക്കുള്ള കോ-പേയ്‌മെൻ്റുകൾ 30 ശതമാനമായി പരിമിതപ്പെടുത്തി. ജീവനക്കാർക്കുള്ള ഇൻഷുറൻസ് തുക അതതു കമ്പനി ഉടമകളാണ് വഹിക്കേണ്ടത്. ഇതിനായി ജീവനക്കാരിൽനിന്ന് പണം ഈടാക്കാൻ പാടില്ല. ജീവനക്കാരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
അബുദാബിയിൽ ജീവനക്കാരനും ആശ്രിതർക്കുമുള്ള ഇൻഷുറൻസ് തുക കമ്പനി നൽകണമെന്നാണ് നിയമം. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസത്തിൽ 500 ദിർഹം വീതം പിഴ ഈടാക്കും.
കുറഞ്ഞ പ്രീമിയമുള്ള ഇൻഷുറൻസ് ഉള്ളവർക്ക് നിലവാരം കൂടിയ ആശുപത്രികളിൽ ചികിത്സയ്ക്ക് നിയന്ത്രണമുണ്ടാകും. എന്നാൽ ഓരോ കമ്പനിയുടെയും ആവശ്യപ്രകാരം കൂടുതൽ ആനുകൂല്യങ്ങളുള്ള പാക്കേജ് ലഭ്യമാണ്. നിർബന്ധിത ഇൻഷുറൻസ് പദ്ധതി വടക്കൻ എമിറേറ്റുകളിലേക്കു കൂടി വ്യാപിപ്പിച്ചത് പ്രവാസി തൊഴിലാളികൾക്ക് ഏറെ സഹായകമായി.