കുതിപ്പുമായി ദുബായ് വിമാനത്താവളം; 10 വർഷം, 70 കോടി യാത്രക്കാർ

Mail This Article
ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ ദുബായിലെത്തിയത്. 2024ൽ മാത്രം 9.2 കോടി യാത്രക്കാരെ ദുബായ് രാജ്യാന്തര വിമാനത്താവളം സ്വാഗതം ചെയ്തു. കോവിഡിന് മുൻപ് 2018ൽ 8.91 കോടി യാത്രക്കാരായിരുന്നു.
കഴിഞ്ഞ വർഷം മാത്രം, 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് 106 വിമാനങ്ങൾ ഉപയോഗിച്ച് 4.4 ലക്ഷം വിമാന സർവീസ് നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ വികസന നേട്ടങ്ങൾ പങ്കുവച്ചത്.
2010ൽ ചരക്കുനീക്കവും 2013ൽ യാത്രാ വിമാന സർവീസും ആരംഭിച്ച അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നതോടെ ദുബായ് വ്യോമയാന മേഖല കൂടുതൽ വികസിക്കും. പുതിയ ടെർമിനലിന് 5 സമാന്തര റൺവേകളും 70 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളുമുണ്ടാകും.
12,800 കോടി ദിർഹം ചെലവിൽ നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമായിരിക്കും അൽമക്തൂം വിമാനത്താവളത്തിന്. ഇതോടുകൂടി ദുബായിലെ മുഴുവൻ വിമാന സർവീസുകളും അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കു മാറ്റാനാണ് പദ്ധതി. പണി പൂർത്തിയായാൽ വർഷത്തിൽ 26 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാകും അൽമക്തൂം എയർപോർട്ടിനെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്‌സ് പറഞ്ഞു.