അവധി ആഘോഷം ദുരന്തമായി, അലഞ്ഞത് മൂന്ന് വർഷം; ഖത്തറിൽ 'കുടുങ്ങിയ' ഇന്ത്യൻ യുവതി മാതൃത്വത്തിന്റെ തണലിലേക്ക്

Mail This Article
ദോഹ ∙ പ്രതിസന്ധിയുടെ നടുക്കടലിൽ നിന്നും മാതൃത്വത്തിന്റെ തണലിലേക്ക് അവൾ യാത്ര തിരിച്ചു. വാഹന അപകടത്തെ തുടർന്ന് ശരീരം തളർന്ന്, നാടണയാനുള്ള മോഹവുമായി കാത്തിരിക്കെ യാത്രാനിരോധനം നേരിട്ട ഇന്ത്യൻ പെൺകുട്ടി നദ യസ്ദാനിയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ബെംഗളൂരുവിലേക്ക് പറന്നത്. 2012ൽ 15-ാം വയസ്സിൽ ദോഹയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റതോടെയാണ് അവധി ആഘോഷിക്കാൻ ദോഹയിലുള്ള മാതൃസഹോദരി വീട്ടിലെത്തിയ നദയുടെ ജീവിതം മാറിമറിയുന്നത്.
അപകടത്തിൽ ഗുരുതര പരുക്കേറ്റ നദക്ക് ഖത്തറിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിച്ച ഏകദേശം ഒരു കോടിയോളം ഇന്ത്യൻ രൂപകൊണ്ട് ചികിത്സ നടത്തി. ഏറ്റവും ഒടുവിൽ ജർമനിയിൽ സുപ്രധാന ശസ്ത്രക്രിയ നടത്തി നാട്ടിലേക്കുള്ള യാത്രക്കിടയിൽ 2019 ഡിസംബറിൽ ഖത്തറിലെത്തിയതായിരുന്നു നദ. ഏതാനും ദിവസം ഇവിടെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
കോവിഡ് വ്യാപനത്തെ തുടർന്ന് അത് മുടങ്ങിയതോടെ അവർ ഖത്തറിൽ കുടുങ്ങുകയായിരുന്നു. പിന്നീട്, 2021 നവംബറിൽ ജർമനിയിൽ നിന്നുള്ള ചികിത്സയുടെ തുടർച്ചയായി ഓട്ടോബോകിന്റെ ദുബായ് കേന്ദ്രത്തിലെത്തി തുടർ ചികിത്സ നടത്താനുള്ള പദ്ധതികളുമായി അൽ വക്റയിലെ വീട്ടിൽ നിന്നും പുറപ്പെട്ടപ്പോഴാണ് മറ്റൊരു ദുരന്തം അവളെ തേടിയെത്തുന്നത്.
യാത്ര പുറപ്പെടാനായി തന്റെ വീൽ ചെയറിൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് തനിക്ക് യാത്ര വിലക്കുള്ള വിവരം അധികൃതർ പറയുന്നത്. ശരീരം തളർന്നുപോയ നദയെ സംബന്ധിച്ചെടുത്തോളം ഹൃദയം തകർന്നു പോകുന്ന വാർത്തായിയിരുന്നു അത്. തനിക്കു നഷ്ടപരിഹരം വിധിച്ചു കൊണ്ട് പുറപ്പെടുവിച്ച കോടതി വിധി ഇൻഷുറൻസ് കമ്പനിയുടെ അപ്പീലിനെ തുടർന്ന് റദ്ദാക്കിയതായും അവർ കൈപ്പറ്റിയ ഇൻഷുറൻസ് തുകയായ 6.08 ലക്ഷം റിയാൽ പൂർണമായും കമ്പനിക്ക് തിരിച്ചു നൽകിയാൽ മാത്രമേ രാജ്യം വിട്ടു പോകാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അവരെ അറിയിച്ചു.
2018ൽ വന്ന ഈ കോടതി ഉത്തരവ് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കുടുംബം അറിഞ്ഞത്. എന്നാൽ ഇൻഷുറൻസ് തുകയേക്കാൾ കൂടുതൽ തുക വർഷങ്ങളായി ചികിത്സക്കായി ചെലവഴിച്ച കുടുംബം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഖത്തറിലേ അഭിഭാഷകനും ജീവകരുണ്യ പ്രവർത്തകനുമായ അഡ്വ. നിസാർ കോച്ചേരി പ്രശ്‌നത്തിൽ ഇടപെടുന്നത്.
വർഷങ്ങളോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ ഖത്തർ ആഭ്യന്തര മന്ത്രാലത്തിന്റെ സഹായത്തോടെയാണ് നദയ്ക്ക് നാട്ടിലേക്ക് തിരിക്കാൻ സാധിച്ചത്. ഖത്തറിലും നാട്ടിലും കോച്ചേരി ആൻഡ് പാർട്ണേഴ്സ് ലീഗൽ കൺസൾട്ടന്റ്സ് നടത്തുന്ന അഡ്വ. നിസാർ കോച്ചേരി, ദോഹയിലെ സാമൂഹിക പ്രവർത്തകനായ അമീൻ ആസിഫ് അബ്ദുൽ റഷീദ് തുടങ്ങിയവരുടെ നിരന്തര ശ്രമത്തിന്റെ ഫലമായാണ് നദയുടെ നാടണയാനുള്ള സ്വപ്നം പൂവണിഞ്ഞത്. മൂന്ന് വർഷത്തിലധികം പല വാതിലുകൾ മുട്ടേണ്ടി വന്നെങ്കിലും സാമൂഹിക പ്രവർത്തകരുടെ ഇടപെടലും ഖത്തർ അധികൃതരുടെ സഹായവും കൊണ്ട് ഇൻഷുറൻസ് തുക തിരിച്ചടക്കാതെ തന്നെ നാട്ടിൽ പോകാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് നദയുടെ കുടുംബം.
∙ അപകടകാലം
ബെംഗളൂരു സ്വദേശിയായ അൻജും അസ്മ അസീസിന്റെയും ഇറാനിയായ ഫരിദ് യസ്ദാനിയുടെയും ഏക മകളായ നദ യസ്ദാനിക്ക് 2012 ൽ ദോഹയിൽ നടന്ന ഒരു വാഹനാപകടത്തിലാണ് ഗുരുതര പരുക്കേൽക്കുന്നത്. അന്ന്, 15 വയസ്സായിരുന്നു നദയുടെ പ്രായം. ദോഹയിൽ മാതൃസഹോദരിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ നദ, കൂട്ടുകാർക്കൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. വാഹനമോടിച്ച സ്വദേശി പൗരൻ മരിക്കുകയും നദക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു.
തലക്കും നട്ടെല്ലിനും പരുക്കേറ്റ നദക്ക് മികച്ച ചികിത്സ ലഭ്യമാക്കിയെങ്കിലും അപകടത്തിന്റെ ആഘാതത്തിൽ ശരീരം തളർന്നു പോയിരുന്നു. നടക്കാനോ, സ്വന്തം കാര്യങ്ങൾ നിർവഹിക്കാനോ കഴിയാതെ പൂർണമായും വീൽചെയറിലായി. 2012ൽ അപകടം സംഭവിക്കുമ്പോൾ സന്ദർശക വീസയിലായിരുന്ന നദക്ക് മെഡിക്കൽ എമർജൻസി പരിഗണിച്ച് താൽകാലിക വീസ അനുവദിക്കുകയായിരുന്നു. നദ മാത്രമാണ് ഖത്തറിൽ സന്ദർശനിത്തിനെത്തിയിരുന്നത്. ഇറാനിയായ പിതാവ് നേരത്തെ തന്നെ കുടുംബവുമായുള്ള ബന്ധം ഒഴിവാക്കിയതിനാൽ ഉമ്മയുമായി ഒന്നിച്ചു ബെംഗളൂരുവിലായിരുന്നു താമസം. ഖത്തറിലുള്ള ഉമ്മയുടെ സഹോദരിയുടെ അടുത്ത് അവധി ആഘോഷിക്കാൻ എത്തിയ സമയത്താണ് അപകടം സംഭവിക്കുനന്നത്.
ഹമദ് മെഡിക്കൽ കമ്മിറ്റി 340 ശതമാനം വൈകല്യം സംഭവിച്ചതായി സ്ഥിരീകരിച്ചതോടെ അപകട ഇൻഷുറൻസിനായി കേസ് നടപടികളിലേക്ക് നീങ്ങി. അങ്ങനെ, 2014ൽ 6.04 ലക്ഷം റിയാൽ (അന്നത്തെ വിനിമയ നിരക്ക് പ്രകാരം ഒരു കോടി രൂപ) ഇൻഷുറൻസ് തുകയായി കോടതി വിധിച്ചു. എന്നാൽ ചികിത്സക്കായി ഇതിനകം തന്നെ ലക്ഷങ്ങൾ ചെലവഴിച്ച കുടുംബത്തിന് ഒന്നുമല്ലായിരുന്നു ഈ തുക.
ഖത്തറിലും ഇന്ത്യയിലും ജർമനിയിലുമായി ഓരോഘട്ടത്തിലും വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിക്കുമ്പോൾ ലക്ഷങ്ങൾ ബില്ലുകളായി. ഇറാനിയായ പിതാവ് കുടുംബവുമായുള്ള ബന്ധം ഒഴിവാക്കിയതിനാൽ ചികിത്സയും സംരക്ഷണവുമെല്ലാം നദയുടെ മാതാവിന്റെ മാത്രം ഉത്തരവാദിത്തമായി. ദോഹയിലുള്ള മാതൃസഹോദരിയും, പാലക്കാട് സ്വദേശിയായ ഇവരുടെ ഭർത്താവ് വിനോദും ഒപ്പം നിന്നത് ആ മാതാവിന് കരുത്തായി .