ഖുർആൻ പ്രചാരണത്തിനും പാരായണത്തിനും മികച്ച സംഭവന: പ്രഥമ പഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡ് ഷെയ്ഖ് മുഹമ്മദിന്

Mail This Article
ദുബായ് ∙ എമിറേറ്റ്സ് ഇന്റർനാഷനൽ ഹോളി ഖുർആന്റെ പ്രഥമ പഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്. പ്രാദേശികമായും ആഗോളതലത്തിലും വിശുദ്ധ ഖുർആൻ പ്രചാരണത്തിനും പാരായണത്തിനും നൽകിയ മികച്ച സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.
ദുബായ് അൽഖവനീജിലെ ഷെയ്ഖ് സായിദ് ഫാമിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്യപുരോഗതിക്കായി ഷെയ്ഖ് മുഹമ്മദ് നടത്തിയ പ്രവർത്തനങ്ങളെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഷെയ്ഖ് മുഹമ്മദ് നൽകിയ സംഭാവനകൾ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ പ്രത്യേക പതിപ്പും അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പമുള്ള ഇരുനേതാക്കളുടെയും ഫ്രെയിം ചെയ്ത ചിത്രവും വിശുദ്ധ ഖുർആൻ സന്ദേശ പ്രചാരണത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ സമർപ്പിത സേവനത്തെ അഭിനന്ദിച്ചുള്ള പ്രശംസാപത്രവും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് സമ്മാനിച്ചു. ഖുർആൻ പാരായണം പ്രോത്സാഹിപ്പിക്കുക, മനഃപാഠമാക്കിയവരെ ആദരിക്കുക, ഖുർആൻ പകർപ്പുകൾ പ്രസിദ്ധീകരിക്കുക, ഖുർആൻ പാരായണ മത്സരം നടത്തുക, അറബിക് ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്നിവയിൽ അദ്ദേഹം നടത്തിയ ശ്രമങ്ങളും എടുത്തുപറഞ്ഞു.
ദുബായ് അൽ ഖവനീജിലെ ഷെയ്ഖ് സായിദ് ഫാമിലാണ് കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർക്കു പുറമേ കിരീടാവകാശികൾ, ഉപഭരണാധികാരികൾ, ഷെയ്ഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.