ഇബ്രി ഇന്ത്യന്‍ സ്‌കൂളില്‍ കെജി ഗ്രാജ്വേഷന്‍ സംഘടിപ്പിച്ചു

Mail This Article
ഇബ്രി ∙ ഇബ്രി ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാജ്വേഷന്‍ സംഘടിപ്പിച്ചു.
കുരുന്നുകള്‍ വിദ്യാഭ്യാസത്തിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുന്ന അഭിമാനകരമായ മുഹൂര്‍ത്തത്തിന് അധ്യാപകരും മാതാപിതാക്കളും സാക്ഷികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ ജി മുന്‍ സൂപ്പര്‍വൈസര്‍ മെഹ്‌നാസ് ഹംദാനി ബഹ്‌റാം മുഖ്യാതിഥിയായിരുന്നു. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തിനുശേഷം സ്‌കൂള്‍ കോര്‍ ആലപിച്ച പ്രാര്‍ഥന ഗാനത്തോടുക്കൂടി ചടങ്ങിന് തുടക്കം കുറിച്ചു. മുഖ്യാതിഥിയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും പ്രിന്‍സിപ്പലും ചേര്‍ന്ന് ഭദ്രദീപം കൊളൂത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് നവീന്‍ വിജയകുമാര്‍ ചടങ്ങിന് ആശംസ നേര്‍ന്നു.
വിനീത രഞ്ജിത്ത്, ജെന്‍സി ശാന്തികല എന്നിവര്‍ ചേര്‍ന്ന് സദസിലേക്ക് വിദ്യാര്‍ത്ഥികളെ ആനയിച്ചു. വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും അധ്യാപകര്‍ക്ക് ആദരവ് നേര്‍ന്നുകൊണ്ട് മനോഹരമായ ഗാനം ആലപിക്കുകയും ചെയ്തത് സദസ്യര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറി. കുരുന്നുകളുടെ നൃത്താവിഷ്‌കാരം, കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികന്മാരും സൂപ്പര്‍വൈസറും ചേര്‍ന്ന് ആലപിച്ച കരോള്‍ ഗാനവും ചടങ്ങിന് മാറ്റു കൂട്ടി. കെ ജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ബിരുദദാന ഗൗണുകളും തൊപ്പികളും ധരിച്ചുകൊണ്ട് മുഖ്യാതിഥിയില്‍നിന്ന് കെ ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.
പ്രിന്‍സിപ്പല്‍ വി എസ് സുരേഷ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യാതിഥിക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സണ്ണി മാത്യു, അഡീഷനല്‍ വൈസ് പ്രിന്‍സിപ്പല്‍ വിജയകുമാര്‍ ഡൊമിനിക്, കമ്മിറ്റി അംഗങ്ങളായ ശബ്‌നംബീഗം, ഫൈസല്‍ ഷംസുദ്ദീന്‍, ഫെസ്ലിന്‍ അനീഷ് മോന്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റ് വിവിധ മേഖലയില്‍ പ്രശസ്തരായ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ചടങ്ങില്‍ സന്നിദ്ധരായിരുന്നു.
സുബി മാത്യു സ്വാഗതവും, കെ ജി സൂപ്പര്‍വൈസര്‍ പ്രിയ പ്രഭാത് നന്ദിയും രേഖപ്പെടുത്തി. വിശിഷ്ട വ്യക്തികള്‍ക്കൊപ്പമുള്ള കുട്ടികളുടെ ഫോട്ടോ സെഷനോടുകൂടി ചടങ്ങ് സമാപിച്ചു.