രാജ്യാന്തര റിയാലിറ്റി ഷോയിൽ മലയാളി ബാലന് ട്രിപ്പിൾ ബഹുമതി

Mail This Article
ഷിക്കാഗോ∙ അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരായ കുട്ടികൾക്കുള്ള റിയാലിറ്റി ഷോയിൽ നൃത്ത മൽസരത്തിൽ കേരളത്തിലെ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശി അദ്വൈദ് സുജയ് (9) ടിപ്പിൾ ബഹുമതി നേടി.

16 വയസിനു താഴെെയുള്ളവർക്കായി നടന്ന ഫൈനൽ നൃത്ത മൽസരത്തിലാണ് അദ്വൈദ് സുജയ് അമേരിക്കൻ രാജ്യാന്തര ബഹുമതിയും ഗ്രാന്റ് ഫിനാലയിൽ ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ ബഹുമതിയും നേടി ഒരേ സമയം അദ്വൈദ് സുജയ് ചരിത്ര വിജയം നേടിയത്.
മൂന്നു മാസം മുൻപ് അമേരിക്കയിലെ കലിഫോർണിയ ഐക്കണായതും ഈ മിടുക്കനായിരുന്നു. ഒരേ സമയം ഇത്തരം മൽസരത്തിൽ ട്രിപ്പിൾ വിജയം നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് അദ്വൈദ്.

ഷിക്കാഗോയിലെ എൽ ഹാംസ്റ്റലിലെ വാട്ടർ ഫോർഡ് കോൺഫ്രൻസ് സെന്ററിൽ ഡിസംബർ 26 മുതൽ 29 വരെ നാലു ദിവസങ്ങളിലായാണ് മൽസരം നടന്നത്. ഇന്ത്യക്ക് പുറമെയുള്ള രാജ്യങ്ങളായ അമേരിക്ക ഓസ്ട്രേലിയ, യുകെ, കനഡ, ബ്രിട്ടൻ, കരീബിയൻ, ന്യൂസിലാൻഡ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും വസിക്കുന്ന ഇന്ത്യക്കാരുടെ മക്കളാണ് മൽസരാർഥികൾ.
പ്രവാസികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ഇൻറർനാഷണൽ ഐക്കൺ മൽസരത്തിൽ ആദ്യമായാണ് ഒരു മലയാളി ബാലന് സംസ്ഥാനം, ദേശീയം , ഇന്റർനാഷണൽ മൽസരങ്ങളിൽ ഒന്നാമതെത്തുന്നത്. കുട്ടികളുടെ കഴിവുകൾ അന്തർദേശീയ തലത്തിൽ പ്രദർശിപ്പിക്കുകയും സിനിമ, ടി വി പരിപാടികളിൽ അവസരം നൽകുകയുമാണ് മൽസരത്തിന്റെ ലക്ഷ്യം.

നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, തുടങ്ങി വേറിട്ട് നിൽക്കുന്ന കഴിവുകളിലായിരുന്നു മൽസരം നടന്നത്. ബോളിവുഡ് സംവിധായകരും ഹിന്ദി സിനിമാ മ്യൂസിക്ക് ഡയറക്ടർ ജതിൻ ലളിത്, ഇരട്ട സഹോദരിമാരായ പൂനം ആന്റ് പ്രിയങ്ക, മധുരാ സനെ, ഡോ. ദിശാ ശ്രീവാസ്തവ തുടങ്ങിയ പ്രശസ്തർ ചേർന്നതാണ് വിധി നിർണയം നടത്തിയത്.മുമ്പെയിലെ ശരൺ വാലിയ ആണു പരിപാടിയുടെ പ്രധാന സംഘാടകൻ.