മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗോൾഡൻ സ്റ്റേറ്റ് കില്ലറിന് പരോളില്ലാതെ ജീവപര്യന്തം
Mail This Article
സാക്രമെന്റൊ (കാലിഫോർണിയ) ∙ അഞ്ചു ദശാബ്ദങ്ങൾക്ക് മുമ്പു കൊലപാതകം – പീഡന പരമ്പരകൾകൊണ്ടു അമേരിക്കയെ വിറപ്പിച്ച മുൻ പൊലീസ് ഓഫിസർ ഗോൾഡൻ സ്റ്റേറ്റ് കില്ലർ എന്നറിയപ്പെടുന്ന ജോസഫ് ജെയിംസ് ഡി ആഞ്ചലോയെ (74) പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് സാക്രമെന്റൊ കൗണ്ടി സുപ്പീരിയർ കോടതി ഉത്തരവിട്ടു.
നാലു ദശാബ്ദങ്ങൾ നീണ്ടു പോയ കുപ്രസിദ്ധമായ ഈ കേസ്സിൽ ശിക്ഷ വിധിക്കുന്നതിന് കഴിഞ്ഞതിൽ കോൺട്ര കോസ്റ്റ കൗണ്ടി ഡിസ്ട്രിക്റ്റ് ആറ്റോർണി ഡയാന ബെർട്ടൺ സംതൃപ്തി രേഖപ്പെടുത്തി.1970 മുതൽ 1980 വരെ നീണ്ടകാലഘട്ടത്തിൽ 13 കൊലപാതകങ്ങളും 13 ലൈംഗീക പീഡന കേസ്സുകളും തെളിഞ്ഞുവെങ്കിലും ഇതിനു പുറമെ നിരവധി കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി പ്രതി കോടതിയിൽ സമ്മതിച്ചു.
പ്രതി നടത്തിയ ഒരു കൊലപാതകത്തിന്റെ സ്ഥലത്തുനിന്നും ശേഖരിച്ച ഡിഎൻഎ ജെർമോളജി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് പ്രതിയെകുറിച്ചുള്ള സൂചന ലഭിച്ചതെന്ന് അറ്റോർണി ഡയാന പറഞ്ഞു.
2018 ൽ അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളിൽ അതുവരെ തെളിയിക്കപ്പെടാതിരുന്ന കൊലപാതകങ്ങളെക്കുറിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
74 വയസ്സുള്ള ഈ മുൻ പോലീസ് ഓഫിസർ ഇനി ഒരിക്കലും ജീവനോടെ പുറത്തുവരില്ല എന്നതാണ് ഞങ്ങൾക്ക് ആശ്വാസം പകരുന്നതെന്നും അറ്റോർണി ഡയാന കൂട്ടിച്ചേർത്തു.