ഹൂസ്റ്റൺ കോട്ടയം ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mail This Article
ഹൂസ്റ്റൺ∙ ഹൂസ്റ്റൺ കോട്ടയം ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചെയർമാൻ ബാബു ചാക്കോയുടെ നേതൃത്വത്തിൽ മാർച്ച് 9ന് സ്റ്റാഫോർഡിലെ കേരള കിച്ചൺ റസ്റ്ററന്റിൽ ചേർന്ന പൊതു യോഗത്തിൽ അംഗങ്ങളിൽ ഭൂരിപക്ഷവും പങ്കെടുത്തു പ്രസിഡന്റ് ജോമോൻ ഇടയാടി അധ്യക്ഷത വഹിച്ചു.
ക്ലബിന്റെ സ്ഥാപകാംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പരേതനായ മാത്യു പന്നപ്പാറയോടുള്ള ആദരസൂചകമായി അംഗങ്ങൾ മൗനം ആചരിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചന സന്ദേശം കൈമാറി. തുടർന്ന്, ക്ലബിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ജീവകാരുണ്യ പദ്ധതികൾ ആരംഭിക്കാനും തീരുമാനിച്ചു. മുൻ വർഷത്തിൽ അംഗത്വ കാര്യത്തിലുണ്ടായ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിനായി മാഗിന്റെ മുൻ പ്രസിഡന്റും കോട്ടയം ക്ലബിന്റെ ഇലക്ഷൻ വരണാധികാരിയുമായ മാർട്ടിൻ ജോൺ ചർച്ച ആരംഭിച്ചു. തുടർന്ന്, മുൻ പ്രസിഡന്റ് ജോസ് ജോൺ തെങ്ങുംപ്ലാക്കലിന്റെ നിർദ്ദേശപ്രകാരം 48 പേരെ അംഗങ്ങളായി അംഗീകരിച്ചു.
പുതിയ 11 അംഗങ്ങളുടെ അപേക്ഷ സെക്രട്ടറി സജി സൈമൺ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് ജൂൺ 7ന് ഹൈവേ 6ലുള്ള കിറ്റി ഹോളോ പാർക്കിൽ പിക്‌നിക് നടത്താനും തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് ഈ വർഷം ഡിസംബർ 25ന് ഭവനം നിർമിച്ച് താക്കോൽ നൽകാനുള്ള പ്രസിഡന്റ് ജോമോൻ ഇടയാടിയുടെ നിർദ്ദേശം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു. പരേതനായ മാത്യു പന്നപ്പാറയുടെ സ്മരണാർത്ഥമാണ് ഭവനം നിർമിച്ച് നൽകുന്നത്. പിക്നിക് കമ്മിറ്റി ചെയർമാനായി ബിജു ചാലക്കലിനെയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ജീവകാരുണ്യ പദ്ധതികൾ ഉൾപ്പെടെ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടത്തുന്നതിനും തീരുമാനിച്ചു.