അതിവ്യാപന ശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍; ജാഗ്രത നിര്‍ദേശം
Mail This Article
അതിവ്യാപന ശേഷിയുള്ളതും മരുന്നുകളോടു പ്രതിരോധിച്ച് നില്‍ക്കുന്നതുമായ റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയിലെ രണ്ട് രോഗികള്‍ക്ക് സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു.
ചര്‍മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാന്‍ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധര്‍ പറയുന്നു. ഫംഗസ് മൂലം ചര്‍മത്തില്‍ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ് റിങ് വേം. രോഗബാധിതരായ സ്ത്രീകള്‍ക്ക് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൊറിഞ്ഞു തടിച്ചതായി സിഡിസി വക്താക്കള്‍ പറയുന്നു. കഴുത്ത്, പൃഷ്ഠഭാഗം, തുടകള്‍, അടിവയര്‍ എന്നിവിടങ്ങളിലെല്ലാം തിണര്‍പ്പുകള്‍ പ്രത്യക്ഷമായിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കുടുംബാംഗങ്ങളും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നത്. ദീര്‍ഘകാലം ഇതിന് ചര്‍മത്തില്‍ തങ്ങി നില്‍ക്കാന്‍ സാധിക്കും. സ്കൂളുകള്‍ പോലുള്ള ഇടങ്ങളില്‍ ഇവ പെട്ടെന്ന് പടരാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമൊക്കെ കണ്ടു വരുന്ന റിങ് വേമിന്‍റെ വകഭേദമായ ട്രിക്കോഫൈറ്റോണ്‍ ഇന്‍ഡോടിനേയാണ് ഇപ്പോള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടു കേസുകള്‍ക്കും പിന്നിലെന്ന് സിഡിസി ചൂണ്ടിക്കാട്ടി.
ചൊറിച്ചില്‍, മോതിരവട്ടത്തിലുള്ള തിണര്‍പ്പ്, ചര്‍മം ചുവന്ന് തടിക്കല്‍, രോമം നഷ്ടമാകല്‍ എന്നിവയാണ് റിങ് വേമിന്‍റെ ചില ലക്ഷണങ്ങള്‍. നഖത്തില്‍ വരെ ഈ ചൊറിച്ചില്‍ ഉണ്ടാകാം. ചര്‍മം വൃത്തിയായും ഉണക്കിയും സൂക്ഷിക്കേണ്ടത് ഈ ഫംഗസിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കുളിക്കാനും നഖം വെട്ടാനും ശ്രദ്ധിക്കേണ്ടതാണ്. ചെരുപ്പിടാതെ പൊതു ശൗചാലയങ്ങള്‍, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുകയും ചെയ്യരുത്.
Content Summary: US Confirms Two New Cases Of Highly Contagious Fungal Disease