ഭക്ഷണത്തിലെ കാലറി സ്വയം കണക്കുകൂട്ടാറുണ്ടോ? സ്വയംചികിത്സ പോലെതന്നെ അപകടം!

Mail This Article
കുടവയറൊന്നുമില്ലാതെ നല്ല ഫിറ്റായിട്ട് ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏതാണ്ട് എല്ലാവരും തന്നെ. അതിനു വേണ്ടി നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ കാലറി അറിയുന്നതും നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ കാലറി നിര്‍ണ്ണയിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സ്വയം കാലറി നിര്‍ണ്ണയിക്കുന്നത് ഗുണത്തേക്കാലേറെ ദോഷം ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
പ്രഫഷണലായ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലാതെ സ്വയം കാലറി കണക്കാക്കുന്നത് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഓരോ ശരീരത്തിന്റെയും പോഷണ ആവശ്യങ്ങള്‍ വ്യത്യസ്‌തമാണെന്നും ഒരേ പരിഹാരം എല്ലാവര്‍ക്കും സ്വീകാര്യമാകില്ലെന്നും മുംബൈയിലെ ന്യൂട്രീഷനിസ്റ്റ് ഡോ. പ്രാചി മസ്‌കാര്‍ ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കാലറിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവശ്യത്തിന് പോഷണം ശരീരത്തിന് ലഭിക്കാത്ത അവസ്ഥയുണ്ടാക്കാം. ശരീരത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തമില്ലാത്ത തരം ഭക്ഷണശീലങ്ങളിലേക്കും ഇത് നയിക്കാം. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ധവും ഈ കാലറി എണ്ണല്‍ ചിലരില്‍ ഉണ്ടാക്കാറുണ്ട്.
ശരീരം കാലറി കത്തിച്ചു കളയുന്ന ചയാപചയ നിരക്ക് ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും. ഉയര്‍ന്ന പേശീ ഭാരമുള്ളവര്‍ക്ക് അവര്‍ വിശ്രമിക്കുമ്പോള്‍ വരെ കാലറി കത്തുമെന്നതിനാല്‍ കൂടുതല്‍ കാലറി കഴിക്കേണ്ട ആവശ്യമുണ്ടാകാം. ഒരു വ്യക്തിയുടെ ജീവിതശൈലിയും അവരുടെ അധ്വാനവുമെല്ലാം കാലറി ആവശ്യകതയെ സ്വാധീനിക്കാം. ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി വേണം ദൈനംദിന കാലറി ആവശ്യകത എത്രയെന്ന് കണ്ടെത്താന്‍.

ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷനിസ്‌റ്റിന്റെയോ മേല്‍നോട്ടത്തിലല്ലാതെ കാലറി കണക്കാക്കുന്നത് പോഷണമില്ലായ്‌മ, ക്ഷീണം, ദുര്‍ബലമായ പ്രതിരോധശേഷി, ഓസ്‌റ്റിയോപോറോസിസ്, ഹോര്‍മോണല്‍ തകരാറുകള്‍, ചയാപചയ നിരക്ക് കുറയല്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
സ്വന്തമായുള്ള കാലറി നിര്‍ണ്ണയം വിഷാദരോഗമടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉത്‌കണ്‌ഠ, മാനസിക സമ്മര്‍ദ്ധം, ഭക്ഷണവുമായി ആരോഗ്യകരമല്ലാത്ത ബന്ധം, ദേഷ്യം, പശ്ചാത്താപം എന്നിവയെല്ലാം ഇതുണ്ടാക്കാം. ഇതിനാല്‍ ഒരു പ്രഫഷണലിന്റെ സഹായത്തോടെയല്ലാതെ കാലറി ആവശ്യകത നിര്‍ണ്ണയിക്കരുതെന്ന് ആരോഗ്യവിദഗ്‌ധര്‍ ഓര്‍മ്മിപ്പിക്കുന്നു