പുതിയ വീട് സഫലം, പിന്നാലെ കുഞ്ഞതിഥിയുമെത്തി!

Mail This Article
തൃശൂർ ഇരിങ്ങാലക്കുടയാണ് പ്രവാസി സോഫ്റ്റ്‌വെയർ എൻജിനീയറായ മനു സുരേന്ദ്രന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നാട്ടിലൊരു സ്വപ്നഗൃഹം വേണമെന്ന ആഗ്രഹം തോന്നിയപ്പോൾ മുതൽ മനു ഗൃഹപാഠം ചെയ്യാൻ തുടങ്ങിയിരുന്നു. ഡിസൈനർ സനൂപ് ബാബുവിനെയാണ് ദൗത്യം ഏൽപിച്ചത്.
വരയ്ക്കലും തിരുത്തലുകളുമായി ഏകദേശം ആറു മാസമെടുത്താണ് പ്ലാൻ പൂർത്തിയാക്കിയത്. ഇതിന്റെ ഗുണം പിന്നീടാണ് അറിഞ്ഞതെന്ന് മനു പറയുന്നു. പണി തുടങ്ങിയശേഷം ഒന്നിലും മാറ്റം വരുത്തേണ്ടി വന്നില്ല. ഇതുമൂലം വേസ്റ്റേജ് കുറയ്ക്കാനും അധികച്ചെലവ് ഒഴിവാക്കാനും സാധിച്ചു.

ഇഷ്ടിക കൊണ്ടുള്ള ഷോ വോളാണ് വീടിന്റെ പുറംകാഴ്ചയിലെ പ്രധാന ഹൈലൈറ്റ്. വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്ത ക്ലാഡിങ് ടൈലുകളാണിത്. മുകൾനില ഫ്ലാറ്റായി വാർത്തശേഷം ട്രസ് ചെയ്ത് ഷിംഗിൾസ് വിരിക്കുകയായിരുന്നു.
നാട്ടിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ വീടിനോട് ചേർന്ന് കോൺക്രീറ്റ് കാർ പോർച്ച് നിർമിക്കുന്നത് അധികചെലവാണെന്ന് മനസിലാക്കിയിരുന്നു. അതിനാൽ സ്ക്വയർപില്ലറിൽ ഷീറ്റും അടിയിൽ വി- ബോർഡും വിരിച്ച ലൈറ്റ് വെയ്റ്റ് പോർച്ച് നിർമിച്ചു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2130 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഡൈനിങ്ങിന് അനുബന്ധമായുള്ള കോർട്യാർഡാണ് ഉള്ളിലെ ശ്രദ്ധാകേന്ദ്രം. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. പഴയ ടെറാക്കോട്ട ഓടും ഗ്ലാസും ഇടകലർത്തിയാണ് ഇതിന്റെ മേൽക്കൂര.

വശത്തെ ഭിത്തിയിൽ ടെറാക്കോട്ട ജാളി വർക്കുമുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തുന്നു. നിലത്ത് പകുതി ഇഷ്ടികയും ബാക്കി പെബിൾസും വിരിച്ചു. ബുദ്ധപ്രതിമ, ഇൻബിൽറ്റ് സീറ്റിങ്, ഇൻഡോർ പ്ലാന്റ്സ് എന്നിവ ഇവിടെ ഹാജർ വയ്ക്കുന്നു.

വീടുപണിക്കിടയിൽ കുതിച്ച നിർമാണസാമഗ്രികളുടെ വിലവർധന മൂലമുള്ള അധികച്ചെലവ് ഒഴിവാക്കാനും മാർഗംകണ്ടു. കിടപ്പുമുറികളിലെ വാഡ്രോബ്, കിച്ചൻ ക്യാബിനറ്റ് എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു മോഡുലാർ ശൈലിയിൽ നിർമിച്ചു. കൂടാതെ അകത്തെ അപ്രധാന വാതിലുകൾക്ക് WPC (Wood Plastic Composite) ഡോറുകൾ ഉപയോഗിച്ചതും ചെലവ് അൽപം കുറച്ചു. ചുവരുകൾ കെട്ടാൻ വെട്ടുകല്ലാണ് ഉപയോഗിച്ചത്. പൊതുവിടങ്ങളിൽ വലുപ്പംകുറഞ്ഞ 4X2 ടൈലും ബാക്കി 2X2 ടൈലും വിരിച്ചതും ചെലവ് കുറച്ചു.

സ്ട്രക്ചറും മുഴുവൻ ഫർണിഷിങ്ങും സഹിതം 44 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ലോക്ഡൗണിൽ ഒരുമാസം പണി നിലച്ചതൊഴിച്ചാൽ ബാക്കി തകൃതിയായി പണിനടന്നു. അങ്ങനെ 9 മാസം കൊണ്ട് സ്വപ്നഭവനം സഫലമായി. പുതിയവീട്ടിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദമ്പതികൾ.

Project facts
Location- Iringalakuda, Thrissur
Plot- 15 cent
Area- 2130 Sq.ft
Owner- Manu Surendran
Designer- Sanoop Babu
Cube Constructions, Thrissur
Mob- 9633330795
Y.C- 2020
English Summary- Pravasi Malayali House Building Experience; Veedu Malayalam