എവിടെ കുഴിച്ചാലും മനുഷ്യാവശിഷ്ടങ്ങൾ; ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന വീട് ഇതാകുമോ?
Mail This Article
വീട്ടിൽ പ്രേതസാന്നിധ്യമുണ്ടോ എന്ന് വെറുതെയൊരു സംശയം തോന്നിയാൽ പോലും പിന്നീട് ഒരു ദിവസം അതിനുള്ളിൽ കഴിച്ചുകൂട്ടുക ഏറെ പ്രയാസമായിരിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ വീട്ടിലാണ് കരോളിൻ ഹംഫ്രീസ് എന്ന 60കാരി പതിറ്റാണ്ടുകളായി കഴിയുന്നത്. പാരാനോർമൽ ആക്ടിവിറ്റികളോ അദൃശ്യശക്തികളോ ഒന്നുമല്ല ഈ വീട്ടിൽ ഭയത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നത്. മറിച്ച് വീടിന്റെ ഏത് ഭാഗത്ത് കുഴിച്ചാലും ലഭിക്കുന്ന ശരീരാവശിഷ്ടങ്ങളാണ്.
തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഈ പ്രേതഭവനം. എൻഷ്യന്റ് റാം ഇൻ എന്ന് പേര് നൽകിയിരിക്കുന്ന ഈ വീട്ടിൽ 1968 ൽ തന്റെ എട്ടാം വയസ്സിലാണ് കരോളിൻ കുടുംബവുമൊത്ത് താമസിക്കാൻ എത്തിയത്. ആയിരം വർഷം പഴക്കം ചെന്ന വീട് ലോഡ്ജാക്കി മാറ്റാനുള്ള ഉദ്ദേശത്തോടെയാണ് കുടുംബം വാങ്ങിയത്. എന്നാൽ വീട് സ്വന്തമാക്കി അധികം കഴിയുംമുമ്പ് ഒരു സിദ്ധനാണ് വീട്ടിൽ ഒളിച്ചിരിക്കുന്ന മറ്റു ചില കാര്യങ്ങളെ കുറിച്ചുള്ള സൂചന നൽകിയത്.
വീടിന്റെ തറയ്ക്കു താഴെ എല്ലാഭാഗത്തും ബലി നൽകപ്പെട്ട കുട്ടികളുടെ ജഡങ്ങൾ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതേതുടർന്ന് കരോളിന്റെ അച്ഛനായ ജോൺ ചില ഭാഗങ്ങൾ കുഴിച്ച് നോക്കിയപ്പോൾ എല്ലുകളും അതിനോടൊപ്പം ചേർത്ത് കുഴിച്ചിട്ട നിലയിൽ കഠാരകളും ലഭിച്ചു. കഠാരകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പരിശോധനകളിൽ തെളിഞ്ഞത്.
പിന്നീട് വീട്ടിലെ വിശ്രമമുറി സ്ഥിതിചെയ്യുന്ന ഭാഗത്തെ തറ കുഴിച്ചു നോക്കിയപ്പോൾ എല്ലുകളുടെ വലിയൊരു കൂനയും നിരവധി കഠാരകളും കണ്ടെടുത്തു. ഈ എല്ലുകൾ മൃഗങ്ങളുടേതാവുമോ എന്നും സംശയം തോന്നിയിരുന്നു. കാര്യം കൃത്യമായി മനസ്സിലാക്കുന്നതിനായി വിദഗ്ധനെ സമീപിച്ചപ്പോൾ ഇവ മനുഷ്യരുടെ എല്ലുകൾ തന്നെയാണ് എന്ന് സ്ഥിരീകരിക്കാനായി. പിന്നീട് വീടിന്റെ പലഭാഗങ്ങളും ഇത്തരത്തിൽ പരിശോധിക്കുന്നതിനിടെ ഭിത്തിക്കുള്ളിൽനിന്നും വിചിത്രവും ഭീതിജനിപ്പിക്കുന്നതുമായ മറ്റൊന്നുകൂടി ഇവർ കണ്ടെടുത്തു. അഞ്ഞൂറിൽപരം വർഷങ്ങൾ പഴക്കംചെന്ന മമ്മി രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പൂച്ച.
ദുർഭൂതങ്ങളെ അകറ്റിനിർത്താനാവാം പൂച്ചയെ മമ്മി രൂപത്തിൽ സൂക്ഷിച്ചത് എന്നാണ് കരുതുന്നത്. കല്ലുപാകി ചുണ്ണാമ്പ്കൊണ്ട് പ്ലാസ്റ്ററിങ് ചെയ്തിരുന്ന ഭിത്തിയായതിനാലാണ് ഇത്രയും കാലം പൂച്ച മമ്മി കേടുപാടുകളൊന്നും കൂടാതെ അതേനിലയിൽ തുടർന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വീട് വാങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിനുള്ളിൽനിന്നും പലതും കരോളിനും കുടുംബത്തിനും കണ്ടെടുക്കാൻ സാധിക്കുന്നുണ്ട്. അടുത്ത കാലത്ത് താഴത്തെ നിലയിലുള്ള സ്റ്റെയർ കേസിന്റെ താഴെ ഭാഗത്തു നിന്നും താടിയെല്ലും തലയോട്ടിയും തുടയെല്ലും അടക്കമുള്ള ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നു.
പുരാതനകാലത്ത് പാഗൻ സംസ്കാരം പിന്തുടർന്നിരുന്നവരുടെ ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. എന്തായാലും വീട്ടിൽ നിന്നുള്ള കണ്ടെത്തലുകളെക്കുറിച്ച് കേട്ടറിഞ്ഞ് പാരാനോർമൽ ആക്റ്റിവിറ്റികളപ്പറ്റി ഗവേഷണം നടത്തുന്നവരും ഗോസ്റ്റ് ഹണ്ടർമാരും ഇവിടെ സ്ഥിരമായി എത്താറുണ്ട്. അതീന്ദ്രീയ ശക്തികളുടെ സാന്നിദ്ധ്യം ഉള്ളതായാണ് ഇവരുടെ പരിശോധനകളിൽ തിരിച്ചറിഞ്ഞിട്ടുള്ളത്.
വീട് കൈമാറ്റം ചെയ്യുന്ന സമയത്തുള്ള രേഖകളിലെ സൂചന പ്രകാരം ഇവിടെ ഉണ്ടായിരുന്ന ചില നിലവറകൾ ഇഷ്ടികവച്ച് അടച്ചതായി പറയുന്നുണ്ട്. ഇനിയും ഇത്തരം നിലവറകൾ സമീപത്തുള്ള പള്ളിയുമായി വീടിനെ ബന്ധിപ്പിക്കുന്ന ഇടനാഴികളും ഇവിടെ ഉണ്ടെന്നാണ് കരോളിന്റെ വിശ്വാസം. എന്നാൽ അത് എവിടെയാണെന്ന് കണ്ടെത്താൻ മാത്രം ഇനിയും സാധിച്ചിട്ടില്ല.
English Summary- Haunted House in England