വീടിന്റെ പെയിന്റിങ്ങിൽ കൺഫ്യൂഷനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; കീശ ചോരില്ല

Mail This Article
വീടുപണിയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് പെയിന്റിങ്. ഏത് നിറം വേണം എന്നു മുതൽ ഈ സംശയങ്ങൾ തുടങ്ങും. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി വീട് പെയിന്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ്. അതിനാൽത്തന്നെ പെയിന്റിങ് നടത്തുന്നതിനു മുൻപായി പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. അഴകിനൊപ്പം ചുമരുകൾക്കു സംരക്ഷണം നൽകുന്നതും കുടി ആകണം പെയിന്റിങ്. പെയിന്റിന്റെ ഗുണനിലവാരത്തിൽ മാത്രമല്ല കാര്യമുള്ളത്, എടുക്കുന്ന നിറത്തിലും വീടിന്റെ ആകൃതിയിലുമൊക്കെ കാര്യമുണ്ട്. ഒപ്പം വീടിനുള്ളിൽ താമസിക്കുന്നവരുടെ നിറങ്ങളോടുള്ള കാഴ്ചപ്പാടും പ്രധാനമാണ്.
ഇപ്പോൾ കൂടുതലും ഇളം നിറങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. ഇടക്കാലത്ത് കടും നിറങ്ങളോടു താൽപര്യമുള്ളവർ അനവധി ആയിരുന്നു. എന്നാൽ, ഇന്നു കടും നിറങ്ങൾക്ക് വീടിന്റെ പുറത്തുമാത്രമാണ് സ്ഥാനം. ഇന്റീരിയർ ഇപ്പോഴും ഇളം നിറങ്ങൾകൊണ്ടുതന്നെ. ഇതിൽത്തന്നെ ആഷ്, ബീജ്, ഇളം മഞ്ഞ, ഇളം പച്ച എന്നീ നിറങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. സിംഗിൾ നിറങ്ങളാണ് വീടിന്റെ പുറം ഭാഗങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത്. ബോർഡർ നൽകുന്നതിനായി കോൺട്രാസ്റ്റ് നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. പേസ്റ്റൽ നിറങ്ങൾ നൽകുന്നവരും നിരവധി.

മുറികൾക്കായി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. നമുക്കിഷ്ടമുള്ള നിറങ്ങൾ ഒരുപക്ഷേ, മുറിക്കു ചേരണമെന്നില്ല. കടും നിറങ്ങൾ മുറിയെ ഇരുട്ടിലാക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ചെറിയ മുറികളിൽ കടും നിറങ്ങൾ അടിക്കുന്നത് മുറിയുടെ വലുപ്പക്കുറവിനെ എടുത്തുകാണിക്കും. ഇളം നിറങ്ങളാണ് അടിക്കുന്നത് എങ്കിൽ മുറികൾ കൂടുതൽ വിശാലമായി തോന്നും.
എല്ലാ മുറികളിലും ഒരേ നിറത്തിലുള്ള പെയിന്റ് വേണം എന്ന രീതിയൊക്കെ പഴഞ്ചനായി. അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിലാവണം ലിവിങ് റൂം. അതിനായി ഓറഞ്ച് ഷേഡുകളോ ചുവപ്പോ ലിവിങ് റൂമിന് പരിഗണിക്കാം. അതിഥികളുമായി സംസാരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ നിറങ്ങൾക്കു സാധിക്കുമെന്നാണ് പറയുന്നത്. ബെഡ് റൂമുകൾക്ക് ലാവെൻഡറും പിങ്കുംബെഡ്‌റൂം എന്നാൽ ഓരോ വ്യക്തിക്കും അവന്റേതായ ലോകമാണ്. അൽപം പ്രണയവും സന്തോഷവും എല്ലാം കളിയാടുന്ന ദൈനംദിന പ്രശനങ്ങളിൽ നിന്നു മുക്തി ലഭിക്കുന്ന ബെഡ്‌റൂമുകൾക്ക് ചേരുക റൊമാൻസിങ് നിറങ്ങൾ തന്നെയാണ്.
ബെഡ്‌റൂമിനെ റിലാക്സേഷൻ റൂമെന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാൽ റിലാക്‌സ് ചെയ്യാൻ സഹായിക്കുന്ന നിറങ്ങളാണ് ഇവിടെ ആവശ്യം. കുട്ടിപ്പട്ടാളത്തിന് മുറിക്ക് ബേബി ബ്ലൂവും പിങ്കുംകുട്ടികളുടെ വയസ്സനുസരിച്ച് വേണം അവരുടെ മുറിയുടെ നിറം നിശ്ചയിക്കാൻ. ബേബി ബ്ലൂ, പിങ്ക് എന്നിങ്ങനെയുള്ള നിറങ്ങൾ കുട്ടികളുടെ മുറികൾക്ക് അനുയോജ്യമാണ്. എന്നാൽ ഇത് ഉപയോഗിച്ചാൽ മാത്രമേ കുട്ടികളുടെ മുറി സുന്ദരമാകൂ എന്നില്ല. കുട്ടികളുടെ ഇഷ്ടങ്ങൾ കുടി പരിഗണിച്ചുവേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ.

പെയിന്റിങ്ങിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ വൈറ്റ് സിമന്റ്/ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ.
∙ സിമന്റിലെ ചെറുസുഷിരങ്ങൾ അടയ്ക്കാനുള്ള പുട്ടി അതി നുശേഷം ഇടാം. പുട്ടി ഇട്ടതിനുശേഷം വീണ്ടും പ്രൈമർ അടിക്കാം. പ്രൈമറും നന്നായി ഉണങ്ങിയതിനുശേഷം എമൽഷൻ പെയിന്റ് ചെയ്യാം.
∙ ഓരോ സ്റ്റേജ് പെയിന്റിങ്ങും, മുൻപ് ചെയ്ത പ്രതലം നന്നായി ഉണങ്ങി വലിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ദീർഘകാലം ഈട് ലഭിക്കും.
∙ സീലിങ്ങിൽ എപ്പോഴും വെള്ളനിറം പെയിന്റ് ചെയ്യുകയാണ് ആശാസ്യം. വെള്ളനിറം ഉള്ളിൽ കടക്കുന്ന പ്രകാശം പ്രതിഫലിപ്പിച്ച് കൂടുതൽ വെളിച്ചം പകരുന്നു.
∙ അടുക്കള/വർക്ക് ഏരിയ പോലെയുള്ള സ്ഥലങ്ങളിൽ വൃത്തിയാക്കാവുന്ന മുന്തിയതരം എമൽഷനുകൾ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം. ചൂടും പുകയും കൂടുതലാണെങ്കിൽ പൊളിഞ്ഞിളകൽ ഒഴിവാക്കാൻ അത് സഹായിക്കും.
∙ നിലവിലുള്ള പെയിന്റിങ് പൊളിഞ്ഞിളകി റീപെയിന്റിങ്ങാണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ.
∙ പഴയ വീട് പെയിന്റ് ചെയ്യുമ്പോൾ ഭിത്തിയിൽ നനവ് കാണുന്നുവെങ്കിൽ അത് മാറ്റിയിട്ടേ ചെയ്യാവൂ. െടറസിലെ ക്രാക്കിൽ നിന്നും ഊർന്നിറങ്ങുന്ന ജലസാന്നിധ്യം ഭിത്തിയിൽ കാണപ്പെടാറുണ്ട്. റൂഫ് വാട്ടർ പ്രൂഫ് ചെയ്ത് ലീക്ക് നിര്‍ത്തിയിട്ട് ഭിത്തി പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.
∙ വീടിന്റെ ജനലിനും കതകിനും പോളീഷ് ചെയ്യുന്നുവെങ്കിൽ അതേ നിറത്തോട് യോജിച്ച കളർ വുഡൻഫർണിച്ചറിനും ഷെൽഫുകൾക്കും നൽകിയാൽ ചേർച്ചയാകും.